ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ബില്ലി സ്റ്റാന്‍ലേക്ക് കളിക്കുവാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കാല്‍പാദത്തിനേറ്റ പരുക്ക് മൂലമാണ് താരം കളിക്കില്ല എന്നറിയുന്നത്. മുമ്പ് ഈ ഭാഗത്ത് താരത്തിനു പരിക്കേറ്റിട്ടുണ്ട് അതിനാല്‍ പരിക്ക് അല്പം ഗുരുതരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ ഏകദിന മത്സരത്തിനിടെയാണ് സ്റ്റാന്‍ലേക്ക് പരുക്കേല്‍ക്കുന്നത്.
ആദ്യ മത്സരത്തില്‍ ജേസണ്‍ റോയ്, ജോ റൂട്ട് എന്നിവരെ പുറത്താക്കിയ സ്റ്റാന്‍ലേക്ക് ഇംഗ്ലണ്ട് ഓപ്പണര്‍മാരെ തന്റെ പേസ് കൊണ്ട് ബുദ്ധിമുട്ടിച്ചിരുന്നു. 10 ഓവറില്‍ 44 റണ്‍സാണ് സ്റ്റാന്‍ലേക്ക് വിട്ടു നല്‍കിയത്. സ്റ്റാന്‍ലേക്കിനു പകരം ജൈ റിച്ചാര്‍ഡ്‌സണു ഓസ്‌ട്രേലിയ അവസരം നല്‍കുവാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.