ടെസ്റ്റ് കരിയറിലെ അവസാന പരമ്പര കളിക്കാന്‍ ഒരുങ്ങി ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍

പെര്‍ത്ത്: ടെസ്റ്റ് കരിയറിലെ അവസാന പരമ്പര കളിക്കുകയാണ് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. പാകിസ്ഥാനെതിരെ പെര്‍ത്തില്‍ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടി അവസാന പരമ്പരയില്‍ നന്നായി തുടങ്ങാനും വാര്‍ണര്‍ക്കായി. താരം ഇപ്പോഴും ക്രീസിലുണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 190 റണ്‍സെടുത്തിട്ടുണ്ട്. വാര്‍ണര്‍ക്കൊപ്പം (102) സ്റ്റീവന്‍ സ്മിത്താണ് (16) ക്രീസില്‍. ഉസ്മാന്‍ ഖവാജ (41), മര്‍നസ് ലബുഷെയ്ന്‍ (16) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഷഹീന്‍ അഫ്രീദി, ഫഹീം അഷ്റഫ് എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.

പാകിസ്ഥാനെതിരെ കളിക്കുന്നത് തന്റെ അവസാന ടെസ്റ്റ് പരമ്പരയായിരിക്കുമെന്ന് വാര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരമ്പരയ്ക്ക് തൊട്ടുമുമ്പ് വാര്‍ണര്‍ക്കെതിരെ മുന്‍ ഓസീസ് താരം മിച്ചല്‍ ജോണ്‍സണ്‍ രംഗത്തെത്തിയിരുന്നു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ റെഡ് ബോള്‍ കരിയര്‍ അവസാനിക്കാന്‍ കാത്തിരിക്കുന്ന വാര്‍ണറെ ഹീറോയുടെ പരിവേഷം നല്‍കി യാത്രയാക്കേണ്ടതില്ലെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയ വിവാദത്തിലെ വില്ലന്‍മാരില്‍ ഒരാളാണ് വാര്‍ണര്‍ എന്നും മുന്‍ സഹതാരം മിച്ചല്‍ ജോണ്‍സണ്‍ തുറന്നടിച്ചിരുന്നു.

ജോണ്‍സണിന്റെ വാക്കുകള്‍… ”വാര്‍ണര്‍ ടെസ്റ്റ് വിരമിക്കല്‍ സീരിസിനായി തയ്യാറെടുക്കുകയാണ്. എന്തിനാണ് വാര്‍ണര്‍ക്ക് ഇത്ര ഗംഭീരമായ യാത്രയപ്പ് എന്ന് ആരെങ്കിലും പറഞ്ഞുതരണം. ടെസ്റ്റില്‍ പ്രയാസപ്പെടുന്ന ഓപ്പണര്‍ എന്തിന് സ്വന്തം വിരമിക്കല്‍ തിയതി പ്രഖ്യാപിക്കണം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നിലെ പ്രധാനിക്ക് എന്തിന് ഹീറോയുടെ പരിവേഷത്തോടെ യാത്രയപ്പ് നല്‍കണം’ എന്നും മിച്ചല്‍ ജോണ്‍സണ്‍ ചോദിച്ചു. 2018ലെ കുപ്രസിദ്ധമായ പന്ത് ചുരണ്ടല്‍ വിവാദത്തിലെ വാര്‍ണറുടെ പങ്ക് ചൂണ്ടിക്കാട്ടിയാണ് ജോണ്‍സന്റെ രൂക്ഷ വിമര്‍ശനം. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഡേവിഡ് വാര്‍ണറെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തേക്ക് വിലക്കിയിരുന്നു.

 

Top