ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീമിന്റെ ഉപനായകനാവാന്‍ തന്നെ പരിഗണിക്കുന്നതില്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്നറിയിച്ച് ഓസ്‌ട്രേലിയന്‍ ഓഫ് സ്പിന്നര്‍ നഥാന്‍ ലയണ്‍. പാറ്റ് കമ്മിന്‍സിനെയാണ് ഓസ്‌ട്രേലിയ ഈ സ്ഥാനത്തേക്ക് ശക്തമായി പരിഗണിച്ചിരുന്നതെങ്കിലും താരം തന്നെ തന്നെക്കാള്‍ മികച്ച മറ്റു താരങ്ങളുണ്ടെന്നറിയിച്ചതോടെ മിച്ചല്‍ മാര്‍ഷ്, നഥാന്‍ ലയണ്‍ എന്നിവര്‍ പരിഗണനയിലേക്ക് എത്തുകയായിരുന്നു.
പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഡേവിഡ് വാര്‍ണര്‍ ക്രിക്കറ്റിനു പുറത്ത് പോയ സാഹചര്യത്തിലാണ് ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയിനിനു ഡെപ്യൂട്ടിയെ തേടുന്നത്. മാര്‍ഷിനു ക്യാപ്റ്റന്‍സിയില്‍ മുന്‍ പരിചയമുണ്ടെന്നത് താരത്തിനു ഗുണമായേക്കുമെന്നാണ് അറിയുന്നതെങ്കിലും തന്നോട് ആവശ്യപ്പെട്ടാല്‍ താന്‍ സ്ഥാനം ഏറ്റെടുക്കുവാന്‍ തയ്യാറാണെന്നാണ് നഥാന്‍ ലയണ്‍ പറഞ്ഞത്.
വിവാദത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും സസ്‌പെന്‍ഷനിലായപ്പോള്‍ ടിം പെയിനിനെ ഓസ്‌ട്രേലിയ നായക സ്ഥാനത്ത് പ്രഖ്യാപിച്ചുവെങ്കിലും ഉപ നായകനെ പ്രഖ്യാപിച്ചിരുന്നില്ല. ഒക്ടോബറില്‍ പാക്കിസ്ഥാനുമായി യുഎഇയിലാണ് ഓസ്‌ട്രേലിയയുടെ അടുത്ത ടെസ്റ്റ് ദൗത്യം. അതിനു ശേഷം ഇന്ത്യയുമായി നാല് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും.