ഓവല്‍: ഇന്ത്യ-ലോക ക്രിക്കറ്റ് ആരാധകര്‍ക്ക് ഇനിയുള്ള ദിനങ്ങള്‍ ഓവലിലെ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ന് തുടക്കമാകും. ഓവലിൽ ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്നിനാണ് കളി ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ന് മുതൽ 11 വരെയാണ് നടക്കുക. മഴ കളി തടസപ്പെടുത്തിയാൽ ജൂൺ 12 റിസർവ് ദിനമായി നിശ്ചയിച്ചിട്ടുണ്ട്. മഴമൂലം കളി പൂർണമായി ഉപേക്ഷിച്ചാൽ ഇരു ടീമുകളേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
അതിശക്തമായ രണ്ട് സ്‌ക്വാഡുകള്‍ തമ്മിലുള്ള പോരാട്ടമാണ് ഓവലില്‍ നടക്കുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്ക് പുറമെ മിന്നും ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര, റണ്‍ മെഷീന്‍ വിരാട് കോലി എന്നിവരിലാണ് ഇന്ത്യന്‍ ബാറ്റിംഗിന്‍റെ പ്രതീക്ഷകള്‍. ഒന്നര വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ അജിങ്ക്യ രഹാനെയും ആകര്‍ഷണം. സ്‌പിന്‍ ഓള്‍റൗണ്ടര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരില്‍ ആരെയൊക്കെ കളിപ്പിക്കണം എന്നതും വിക്കറ്റിന് പിന്നില്‍ കെ എസ് ഭരത് വേണോ അതേ ഇഷാന്‍ കിഷന് അവസരം നല്‍കണോ എന്നീ ചോദ്യങ്ങളും ഇന്ത്യന്‍ ടീമിന് മുന്നില്‍ അവശേഷിക്കുന്നു. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഷര്‍ദ്ദുല്‍ താക്കൂറും നയിക്കുന്ന പേസ് ആക്രമണം ശക്തമാണ്.
മറുവശത്ത് ഓസീസ് സ്‌ക്വാഡും സുശക്തം. ബാറ്റിംഗില്‍ ഫോമിലല്ലാത്ത ഡേവിഡ് വാര്‍ണര്‍ കളിക്കും എന്ന് ഉറപ്പായപ്പോള്‍ ഉസ്‌മാന്‍ ഖവാജയായിരിക്കും ഓപ്പണിംഗ് പങ്കാളി. പിന്നാലെ മാര്‍നസ് ലബുഷെയ്‌നും സ്റ്റീവ് സ്‌മിത്തും ട്രാവിഡ് ഹെഡും വരുന്ന ബാറ്റിംഗ് നിരയില്‍ ഐപിഎല്ലില്‍ ഫോമിലായിരുന്ന കാമറൂണ്‍ ഗ്രീനിന്‍റെ ഓള്‍റൗണ്ട് കരുത്തും ശ്രദ്ധേയം. പരിക്കേറ്റ് ജോഷ് ഹേസല്‍വുഡ് പുറത്തായെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നയിക്കുന്ന പേസ് നിരയിലേക്ക് സ്കോട്ട് ബോളണ്ട് എത്തുമ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാക്ക് പിടിപ്പത് പണിയാകും എന്നുറപ്പാണ്. പേസിനെ തുണയ്‌ക്കുന്ന പുല്ലുള്ള പിച്ചാണ് ഓവലില്‍ കലാശപ്പോരിനായി തയ്യാറാക്കിയിരിക്കുന്നത് എന്നാണ് അവിടെ നിന്നുള്ള ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെയും ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലൂടേയും മത്സരം തല്‍സമയം ഇന്ത്യയില്‍ കാണാം.
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍).
ഓസീസ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് ഹാരിസ്, മൈക്കല്‍ നെസര്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ടോഡ് മര്‍ഫി, സ്റ്റീവന്‍ സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍.