തിരുവനന്തപുരം: ആറ് മാസം പ്രായമുള്ളപ്പോള്‍ തന്നെ ഓട്ടിസം ബാധിതയായി ജീവിതം ഇരുളടഞ്ഞ സുമിക്ക് പുതുജന്മം നല്‍കാന്‍ ദിലീപ് വരുമോ?
മകളുടെ ഓട്ടിസം അകറ്റാന്‍ ദിലീപിന് കഴിയുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഒരു കുടുംബം, കൂടെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും.
മരുന്നിനേക്കാള്‍ ഒരാളുടെ അസുഖം ഭേദമാക്കാന്‍ ചിലരുടെ സാന്നിധ്യം വഴി കഴിഞ്ഞ നിരവധി സംഭവങ്ങള്‍ ഉദാഹരണം സഹിതം ചൂണ്ടിക്കാട്ടിയാണ് ഇവരുടെ കാത്തിരിപ്പ്.
സ്വന്തം അച്ഛനേയും അമ്മയേയും മറ്റ് കുടുംബാംഗങ്ങളേക്കാളും സുമി ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതും നടന്‍ ദിലീപിനെ മാത്രമാണ്. വ്യത്യസ്തമായ ഈ താരാരാധന പുറംലോകത്തെ അറിയിച്ചത് കൈരളി പീപ്പിള്‍ ടി.വി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ സുനില്‍ അരുമാനൂരാണ്.
നടന്‍ ദീലീപിന്റെ മിക്ക സിനിമകളും സുമി രാജുവിന്റെ മനസ്സില്‍ സൂപ്പര്‍ ഹിറ്റുകളാഹണ്. ഊണിലും ഉറക്കത്തിലും പ്രിയതാരമായ ദീലീപേട്ടനെ കാണാതെ ഈ അനിയത്തിക്കുട്ടിയ്ക്ക് കഴിയാനാകില്ല. എപ്പോഴും ദിലീപിന്റെ ഫോട്ടോ കൈയ്യില്‍ കരുതുന്ന ഈ പതിനാറുകാരിയ്ക്ക് അത് നല്‍കുന്ന സന്തോഷം ചെറുതല്ല. ആരോഗ്യ വൈകല്യമുള്ള അനുജത്തിയെ കാണാന്‍ ദിലീപേട്ടന്‍ ഒരു നാള്‍ വന്നിരുന്നെങ്കില്‍ എന്ന സുമിയുടെ ആഗ്രഹം എന്നെങ്കിലും സഫലമാകുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍.
അടൂര്‍ നെടുമണ്‍ സ്വദേശി രാജുവിന്റെയും മിനി രാജുവിന്റെയും മൂത്തമകളാണ് സുമി. തിരുവനന്തപുരം പൂജപ്പുരയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ് സുമി. ആറുമാസം പ്രായമുള്ളപ്പോഴാണ് സുമി ഓട്ടിസം ബാധിതയാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുന്നത്.
വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും പരിഹാരമായില്ല. തുടര്‍ന്നാണ് പൂജപ്പുര ആയുര്‍വേദ ആശുപത്രിയില്‍ എത്തിയത്. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ചികിത്സ തുടരുന്നു. സുമിയെക്കുറിച്ച് പറയാനുള്ളത് ഇതൊക്കെയാണ്.
എന്നാല്‍ സുമിയ്ക്ക് പറയാനുള്ളത് ഇതല്ല. വ്യത്യസ്തമായ ഒരു താരാരാധനയാണ് സുമി മനസില്‍ സൂക്ഷിക്കുന്നത്. കുട്ടിക്കാലത്ത് സിനിമ കണ്ടു തുടങ്ങിയ കാലം മുതല്‍ മനസില്‍ ഇഷ്ടം സൂക്ഷിക്കുന്നത് ഒരാളോട് മാത്രം. മലയാള സിനിമയിലെ നായക നടന്‍ ദിലീപിന് പതിനാറുകാരിയായ സുമി മനസില്‍ നല്‍കിയത് ജ്യേഷ്ഠന്റെ സ്ഥാനം.
ഊണിലും ഉറക്കത്തിലും ഈ അനിയത്തിക്കുട്ടിക്ക് ദിലീപേട്ടനെ കാണാതെ പറ്റില്ല. ദിലീപേട്ടന്റെ ഒരു ഫോട്ടോ എപ്പോഴും സുമിയുടെ കൈയ്യിലുണ്ട്. ദിലീപിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ സുമി സന്തോഷവതിയാകുമെന്ന് അമ്മ മിനി പറയുന്നു.
ഓട്ടിസം ബാധിച്ച മകള്‍ക്ക് ദിലീപിന്റെ സാന്നിധ്യംകൊണ്ട് അസുഖത്തില്‍ മാറ്റമുണ്ടായേക്കും എന്ന് ഡോക്ടര്‍മാരും പറയുന്നു. അതുകൊണ്ട്തന്നെ മകള്‍ക്ക് പ്രിയ താരത്തിനെ കാണാനാകും എന്ന പ്രതീക്ഷ സുമിയുടെ മാതാപിതാക്കളും കൈവിടുന്നില്ല.
എപ്പോഴും കൈയ്യിലുള്ള ദിലീപിന്റെ ചിത്രം കൈയ്യില്‍നിന്ന് മാറ്റാന്‍ ശ്രമിച്ചാല്‍ അതിന്റെ ദേഷ്യവും സങ്കടവും ഒക്കെ സുമിയുടെ മുഖത്ത് മിന്നി മറയും. എങ്കിലും സുമിയെന്ന അനിയത്തിക്കുട്ടി കാത്തിരിക്കുകയാണ് മനസില്‍ പ്രതിഷ്ഠിച്ച പ്രിയപ്പെട്ട ഏട്ടനെക്കാണാന്‍.
(കടപ്പാട് : സുനില്‍ അരുമാനൂര്‍, കൈരളി പീപ്പിള്‍ ടി.വി)