ഓട്ടോ ഡെബിറ്റ് സംവിധാനം; റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതല്‍

ന്യൂഡല്‍ഹി: ഓട്ടോ ഡെബിറ്റ് സംവിധാനത്തിന് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതല്‍. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് സ്ഥിരമായി നടത്തുന്ന ഇടപാടുകള്‍ക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് സ്വയമേവ പണം ഈടാക്കുന്ന സംവിധാനമാണ് ഓട്ടോ ഡെബിറ്റ്. ഇന്നുമുതല്‍ പണം കൈമാറുന്നതിനു മുമ്പ് ഇനി അക്കൗണ്ട് ഉടമ അനുവാദം നല്‍കണം. എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കും ഇത് ബാധകമാണ്.

കാര്‍ഡുകള്‍ ഉപയോഗിച്ചല്ലാതെ, ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പണം നല്‍കുന്ന ഇടപാടുകള്‍ക്കും ഓട്ടോ ഡെബിറ്റല്ലാത്ത സാധാരണ പണമിടപാടുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല. നിശ്ചിത ഇടവേളകളില്‍ അടയ്ക്കുന്ന വായ്പകളുടെ ഇഎംഐ, മൊബൈല്‍, വൈദ്യുതി ബില്ലുകള്‍, മ്യൂച്ചല്‍ഫണ്ട് എസ്‌ഐപി, ഇന്‍ഷുറന്‍സ് പ്രീമിയം, ഒടിടി വരിസംഖ്യ, വിവിധ സേവനങ്ങളുടെ ഫീസ് തുടങ്ങിയവ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പിച്ചിട്ടുണ്ടെങ്കില്‍ പണം കൈമാറുന്നതിനുമുമ്പ് ഇനി അക്കൗണ്ട് ഉടമ അനുവാദം നല്‍കണം.

5,000 രൂപയ്ക്കുതാഴെയുള്ള ഇടപാടുകള്‍ക്ക്, പണം കൈമാറുന്നതിന് 24 മണിക്കൂര്‍ മുമ്പ് ബാങ്കുകള്‍ അക്കൗണ്ട് ഉടമയുടെ അനുമതിക്കായി സന്ദേശം അയക്കും. തുകയും പണം കൈമാറുന്ന സ്ഥാപനത്തിന്റെ പേരും ഇടപാട് വിവരങ്ങള്‍ കാണുന്നതിനും ആവശ്യമെങ്കില്‍ ഭേദഗതികള്‍ വരുത്തുന്നതിനുമുള്ള ലിങ്കും ഈ സന്ദേശത്തിലുണ്ടാകും. അനുമതി നല്‍കുകയോ ഇടപാട് നിരസിക്കുകയോ ചെയ്യാം.

5000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകള്‍ക്ക് ഒടിപിയും വേണം. ഓരോ തവണയും ഇടപാടിനുമുമ്പ് അനുമതിയോ ഒടിപിയോ നല്‍കേണ്ടിവരും. ആവര്‍ത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് നിയന്ത്രണമെന്ന് ആര്‍ബിഐ പറയുന്നു. എന്നാല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചല്ലാതെ, ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പണം നല്‍കുന്ന ഇടപാടുകള്‍ക്കും ഓട്ടോഡെബിറ്റല്ലാത്ത സാധാരണ പണമിടപാടുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല.

 

Top