2008-ല്‍ യമഹ ഇന്ത്യന്‍ വാഹന വിപണിയില്‍ അവതരിപ്പിച്ച നേക്കഡ് സ്ട്രീറ്റ് ബൈക്കുകള്‍ ആയിരുന്നു FZ-S സീരീസ് ബൈക്കുകള്‍. ഇന്ത്യന്‍ വിപണിയില്‍ യമഹയ്ക്ക് ഊര്‍ജം പകര്‍ന്ന ബൈക്ക് കൂടി ആയിരുന്നു FZ-S സീരീസ് ബൈക്കുകള്‍. വിപണിയിലെത്തിയ പാടെ ഇന്ത്യന്‍ യുവാക്കളില്‍ ഇടം പിടിയ്ക്കാന്‍ FZ-S ബൈക്കുകള്‍ക്ക് അതിവേഗം കഴിഞ്ഞു.
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ FZ-Sന്റെ പുതിയ മോഡലുകളെ പരിചയപ്പെടുത്തുന്ന പുതിയൊരു പരസ്യ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് യമഹ.FZ-S സീരീസിന്റെ പ്രീമിയം പതിപ്പ് FZ-S വേരിയന്റിന്റെ പുതിയ സവിശേഷതകളാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. പുതിയ പതിപ്പിന്റെ ഫീച്ചര്‍ അപ്‌ഗ്രേഡുകളും വിഡിയോയില്‍ ദൃശ്യമാണ്.
FZ-S ബൈക്കുകളുടെ മൂന്നാംതലുറ മോഡലുകളാണ് നിലവിലുളളത്. സെഗ്മെന്റില്‍ പുതിയ ഓഫറുകളുമായാണ് പുതിയ പതിപ്പ് എത്തുന്നത്. എന്നാല്‍ സ്‌പോര്‍ട്ടി കമ്മ്യൂട്ടര്‍ ബൈക്കിന്റെ 2022 പതിപ്പ് പുത്തന്‍ പരിഷ്‌ക്കാരങ്ങളോടെയാണ് കമ്പനി ഇറക്കുന്നത്. ഡാര്‍ക്ക് നൈറ്റ്, ഡാര്‍ക്ക് മാറ്റ് ബ്ലൂ, മാറ്റ് ബ്ലാക്ക് വിന്റേജ് എഡിഷന്‍, മാറ്റ് റെഡ് തുടങ്ങി പുതിയ നിറങ്ങളിലും FZ-S പുതിയ പതിപ്പ് ലഭ്യമാണ്.
യമഹ മോട്ടോര്‍സൈക്കിള്‍ കണക്ട് എന്ന പുതിയ സാങ്കേതിക വിദ്യയാണ് പുതിയ പതിപ്പിന്റെ പ്രധാന സവിശേഷത. ഇതിലൂടെ ബ്ലുടൂത്ത് വഴി ഇന്‍സ്ട്രമെന്റ് കണ്‍സോളിലേക്ക് സ്മാര്‍ട്ട് ഫോണ്‍ കണക്ട് ചെയ്യാന്‍ കഴിയും. നിരവധി പുതിയ അപ്‌ഡേഷനുകളോടെ ആണ് പുതിയ സീരീസ് വിപണിയിലേക്ക് എത്തുന്നത്. ആരാധകരുടെ മനം കവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി. പുതിയ പതിപ്പിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ആരാധകരും.