auto news bajaj auto to increase price next year

പുതുവര്‍ഷത്തില്‍ വില വര്‍ധിപ്പിക്കുമെന്ന് ഇരുചക്രവാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്. ഉല്‍പ്പാദന ചെലവേറിയതിനൊപ്പം ഉല്‍പന്ന ശ്രേണി പൂര്‍ണമായും ഭാരത് സ്റ്റേജ് നാല് നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കൂടി ലക്ഷ്യമിട്ടാണു വാഹന വില വര്‍ധിപ്പിക്കുന്നതെന്നു കമ്പനി വിശദീകരിക്കുന്നു.

അടുത്ത മാസം മുതല്‍ വിവിധ മോഡലുകളുടെ വിലയില്‍ 700 മുതല്‍ 1,500 രൂപ വരെയാണു വര്‍ധിക്കുകയെന്നും ബജാജ് ഓട്ടോ അറിയിച്ചു.

രാജ്യത്തെ ഇരുചക്രവാഹന നിര്‍മാതാക്കളെല്ലാം അടുത്ത ഏപ്രിലോടെ മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് നാല് നിലവാരം കൈവരിക്കാനുള്ള ശ്രമത്തിലാണെന്നു ബജാജ് ഓട്ടോ പ്രസിഡന്റ്(മോട്ടോര്‍ സൈക്കിള്‍സ്) എറിക് വാസ് വെളിപ്പെടുത്തി.

ഇന്ത്യയില്‍ ഈ നിലവാരം കൈവരിക്കുന്ന ആദ്യ നിര്‍മാതാക്കളായി മാറാനാണു ബജാജ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പനിയുടെ ചില മോഡലുകള്‍ ഇപ്പോള്‍ തന്നെ ഭാരത് സ്റ്റേജ് നാല് നിലവാരം കൈവരിച്ചിട്ടുണ്ട്. അടുത്ത മാസം മധ്യത്തോടെ അവശേഷിക്കുന്ന മോഡലുകളെയും ഈ നിലവാരത്തിലെത്തിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു വാസ് അറിയിച്ചു.

മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് നാല് നിലവാരം കൈവരിക്കാനുള്ള തീരുമാനത്തിന്റെ ഫലമായി 700 – 1,500 രൂപ വര്‍ധന നടപ്പാവുമെന്നും വാസ് വിശദീകരിച്ചു.

എണ്ണയുടെയും വിവിധ ഉല്‍പന്നങ്ങളുടെയും വിലയേറിയതോടെ ഇരുചക്രവാഹന നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ ഗണ്യമായ വര്‍ധന നേരിട്ടിട്ടുണ്ട്.

ഈ അധിക ബാധ്യത കൂടി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ പ്രഖ്യാപിച്ച വില വര്‍ധന. അതേസമയം അടുത്തയിടെ വിപണിയിലെത്തിയ ‘ഡൊമിനര്‍ 400’ പോലുള്ള മോഡലുകള്‍ക്ക് വില വര്‍ധന ബാധകമാവില്ലെന്നും വാസ് അറിയിച്ചു.

നിലവില്‍ ഇന്ത്യയില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഭാരത് സ്റ്റേജ് മൂന്ന് നിലവാരമാണു പ്രാബല്യത്തിലുള്ളത്. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ പുറത്തെത്തിയ പുതിയ ഇരുചക്രവാഹനങ്ങള്‍ക്കെല്ലാം ഭാരത് സ്റ്റേജ് നാല് നിലവാരം ബാധകമാക്കിയിരുന്നു.

നിലവിലുള്ള മോഡലുകള്‍ 2017 ഏപ്രിലോടെ പുതിയ നിലവാരം കൈവരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിനിടെ രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളെല്ലാം പുതുവര്‍ഷത്തില്‍ വാഹന വില വര്‍ധിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

ഹ്യുണ്ടേയ് മോട്ടോര്‍, ടാറ്റ മോട്ടോഴ്‌സ്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, നിസ്സാന്‍, റെനോ, മെഴ്‌സീഡിസ് ബെന്‍സ്, ഹോണ്ട കാഴ്‌സ് തുടങ്ങിയ നിര്‍മാതാക്കളെല്ലാ വില വര്‍ധന നടപ്പാക്കുമെന്നു വ്യക്തമാക്കി.

അതേസമയം, ഇന്ത്യന്‍ കാര്‍ വിപണിയെ നയിക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഇതു വരെ വില വര്‍ധന പ്രഖ്യാപിച്ചിട്ടില്ല.

Top