സ്വീഡിഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡ്; ഹക്‌സ്‌വാര്‍ണ ഇന്ത്യയിലെത്തി

സ്വീഡിഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹക്‌സ്‌വാര്‍ണ ഇന്ത്യയിലെത്തി. വിറ്റ്പിലന്‍ 250, സ്വാര്‍ട്ട്പിലന്‍ 250 എന്നീ രണ്ട് 250 സിസി ബൈക്കുകളുമായാണ് കമ്പനി എത്തിയത്. ഇരു മോഡലുകള്‍ക്കും 1.80 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ് ഷോറൂം വില.

ഇരു ബൈക്കുകളുടെയും ബുക്കിംഗ് ആരംഭിച്ചതായി ബജാജ് ഓട്ടോ അറിയിച്ചു. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ ബൈക്കുകള്‍ ഡീലര്‍ഷിപ്പുകളിലെത്തും. തുടക്കത്തില്‍ 45 നഗരങ്ങളിലെ നൂറ് ഷോറൂമുകളില്‍ ബൈക്കുകള്‍ എത്തിക്കും. അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ 275 ലൊക്കേഷനുകളിലായി 400 കെടിഎം/ഹക്‌സ്‌വാര്‍ണ ഷോറൂമുകളാണ് കമ്പനി ലമിടുന്നത്.

വിറ്റ്പിലന്‍ 401, സ്വാര്‍ട്ട്പിലന്‍ 401 ബൈക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ വിപണിക്കായി പുതിയ 250 സിസി മോഡലുകള്‍ നിര്‍മിച്ചിരിക്കുന്നത്. ബിഎസ് 6 പാലിക്കുന്ന അതേ 248.8 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇരു ബൈക്കുകളുടെയും ഹൃദയം. 9,000 ആര്‍പിഎമ്മില്‍ 30 എച്ച്പി കരുത്തും 7,500 ആര്‍പിഎമ്മില്‍ 24 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍.

നിയോ-റെട്രോ ഡിസൈന്‍ ഭാഷയാണ് പുതിയ ഹസ്‌ക്വാര്‍ണ ബൈക്കുകളെ ആകര്‍ഷകമാക്കുന്നത്. ഹസ്‌ക്വാര്‍ണയുടെ പുതിയ ക്വാര്‍ട്ടര്‍ ലിറ്റര്‍ ബൈക്കുകള്‍ കെടിഎം 250 ഡ്യൂക്കുമായി മെക്കാനിക്കല്‍ ഘടകങ്ങള്‍ പങ്കുവെയ്ക്കുന്നു.

Top