ലഖ്‌നൗ: ജിപിഎസ് സംവിധാനത്തിലൂടെ പൊലീസുകാര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് കാറുടമ. പിടിച്ചെടുത്ത കാറില്‍ പൊലീസുകാര്‍ ‘ഉല്ലാസ യാത്ര’ നടത്തിയതോടെ ട്രാക്കിംഗ് സംവിധാനത്തിലൂടെ കാര്‍ ലോക്ക് ചെയ്യുകയായിരുന്നു ഉടമ.
ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലുള്ള ഗോംതി നഗര്‍ പൊലീസ് ഉദ്യോഗസ്ഥരെയാണ് ഉടമ കുടുക്കിയത്. രണ്ട് പേര്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് ഉടമകളില്‍ ഒരാളുടെ വാഹനമായ മഹീന്ദ്ര സ്‌കോര്‍പിയോ പൊലീസ് പിടിച്ചെടുത്തത്. എന്നാല്‍, ഇരുകൂട്ടരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചതോടെ കാര്‍ തിരിച്ചെടുക്കാന്‍ ഉടമയോട് പൊലീസ് ആവശ്യപ്പെടുകയും തുടര്‍ന്ന് കാറെടുക്കാനായി ഉടമ ബുധനാഴ്ച സ്റ്റേഷനിലെത്തുയായിരുന്നു.
എന്നാല്‍ കാര്‍ സ്‌റ്റേഷനില്‍ കാണാത്ത പക്ഷം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കാറിന്റെ ലൊക്കേഷന്‍ പരിശോധിച്ച് സ്റ്റേഷനില്‍ നിന്നും 143 കിമി ദൂരത്ത് ലഖിംപൂര്‍ കേരിയ എന്ന സ്ഥലത്താണ് കാര്‍ ഉള്ളതെന്ന് ഉടമ കണ്ടെത്തി. ഉടന്‍ തന്നെ ഇയാള്‍ മൊബൈല്‍ ആപ് ഉപയോഗിച്ച് കാര്‍ ലോക്ക് ചെയ്യുകയായിരുന്നു. ഇതോടെ പൊലീസുകാര്‍ വണ്ടിയില്‍ അകപ്പെട്ടു.
ഏകദേശം മൂന്നു മണിക്കൂറോളം പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ അകപ്പെട്ടു. പിന്നീട് ഇവരുടെ അഭ്യര്‍ത്ഥന പ്രകാരം ഉടമ തന്നെ ലോക്ക് മാറ്റുകയായിരുന്നു. അതേസമയം, കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട ഒരാളുടെ മൊഴി എടുക്കാനാണ് ലഖിംപൂരിലേക്ക് പോയതെന്നായിരുന്നു പൊലീസുകാരുടെ വിശദീകരണം. സംഭവം വിവാദമായതോടെ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ടെന്നും ലഖ്‌നൗ കമ്മീഷ്ണര്‍ സുജിത് പാണ്ഡേ അറിയിച്ചു.