സംസ്ഥാനത്ത് ശ്രദ്ധ നേടി ഓട്ടോ ടാക്‌സി ബുക്കിങ് ആപ്പ് ‘ടുക്‌സി’

സംസ്ഥാനത്തെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി ഓണ്‍ലൈന്‍ ടാക്‌സി സേവന ആപ്ലിക്കേഷനുകള്‍ നിലവിലുണ്ട്. ഇക്കൂട്ടത്തില്‍ 2021-ല്‍ ആരംഭിച്ച ഓട്ടോ ടാക്‌സി ബുക്കിങ് ആപ്പായ ‘ടുക്‌സി’ ശ്രദ്ധ നേടുകയാണ്. ഓട്ടോതൊഴിലാളികളെ സംഘടിപ്പിച്ച് അവര്‍ക്ക് കൃത്യമായ വരുമാനം ഉറപ്പുവരുത്തുക എന്ന ആശയത്തിലാണ് ടുക്‌സി നിലവില്‍ വരുന്നത്.

ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ഗവണ്‍മെന്റ് അംഗീകൃത മീറ്റര്‍ ചാര്‍ജ് ഉറപ്പുവരുത്തുന്നതോടൊപ്പം സുരക്ഷിതമായ യാത്രയും താങ്ങാവുന്ന നിരക്കും യാത്രക്കാര്‍ക്കും ടുക്‌സി എന്ന റൈഡ് ഫൈന്‍ഡിങ് ആപ്പ് വാഗ്ദാനം ചെയ്യുന്നു. റോഡിലെ തിരക്കോ കാലാവസ്ഥയിലെ മാറ്റങ്ങളോ ഒന്നും ടുക്‌സിയില്‍ നിരക്ക് കൂട്ടുന്നതിന് കാരണമാകില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പുറപ്പെടുന്ന സ്ഥലവും എത്തിച്ചേരേണ്ട ഇടവും ചേര്‍ക്കുമ്പോള്‍ തന്നെ ഏറ്റവും അടുത്തുള്ള ഡ്രൈവര്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുന്നു. അധിക നിരക്ക് ഈടാക്കുന്നതില്‍ ‘ടുക്‌സി’ വിശ്വസിക്കുന്നില്ലെന്നും തീര്‍ത്തും സുതാര്യമായ പെയ്‌മെന്റ് ഇടപാടുകളാണ് ടുക്‌സിയുടേതെന്നും കമ്പനി അധികൃതര്‍ വിശദീകരിക്കുന്നു. ബുക്കിങ് നടത്തുമ്പോള്‍ ഈടാക്കുന്ന ചെറിയൊരു ചാര്‍ജാണ് തങ്ങളുടെ വരുമാനമെന്ന് കമ്പനിയുടെ ചൂണ്ടിക്കാട്ടി.

നിലവില്‍, എറണാകുളത്തും തിരുവനന്തപുരത്തും തൃശ്ശൂരും മാത്രം 4,500-ലധികം ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് ടുക്‌സിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടുക്‌സിയുടെ സേവനം ഉടന്‍ തന്നെ നഗരങ്ങള്‍ക്ക് പുറത്തേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. കൊച്ചി കോര്‍പ്പറേഷന്‍ പരിധിക്കപ്പുറം പറവൂരിലും അടുത്തിടെ പരീക്ഷണ ഘട്ടമായി ടുക്‌സി സര്‍വീസ് ആരംഭിച്ചിരുന്നു.

തിരുവനന്തപുരത്ത് നെടുമങ്ങാടും തൃശൂരില്‍ ഇരിഞ്ഞാലക്കുട, ഒല്ലൂര്‍ എന്നിവിടങ്ങളിലും ടുക്‌സി ഓട്ടോകള്‍ സര്‍വീസ് ലഭ്യമാണ്. 2023 ജനുവരിയോടെ കൊച്ചിയിലും തിരുവനന്തപുരത്തും ടാക്സി സേവനങ്ങള്‍ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നതായാണ് വിവരങ്ങള്‍.

Top