തിരുവനന്തപുരം: ഓട്ടോ-ടാക്‌സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ചര്‍ച്ച ഇന്ന്. നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ നാളെ സംസ്ഥാനത്ത് വ്യാപക പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ചര്‍ച്ച നടത്തുന്നത്.
ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്ധന വിലയ്‌ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ആനുപാതികമായി ഓട്ടോ ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്കിന് ഒരുങ്ങുന്നത്.
ഇന്ധനവില വര്‍ധനയുടേയും അവശ്യസാധനങ്ങളുടെ വില കുതിച്ചുയുന്നതിന്റെയും സാഹചര്യത്തില്‍ ഓട്ടോ തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ഓട്ടോ-ടാക്‌സി നിരക്ക് പുതുക്കുക, പഴയ വാഹനങ്ങളില്‍ ജി പി എസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമായി നീട്ടുക, ഇ-ഓട്ടോ റിക്ഷയ്ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.