ശൈലജയുടെ മാത്രമല്ല, പി ജയരാജന്റെയും എം എം മണിയുടെയും ആത്മകഥ കൂടി പഠിപ്പിക്കണം; കെ സുരേന്ദ്രന്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസില്‍ കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശൈലജയുടെ മാത്രമല്ല, പി ജയരാജന്റെയും എം എം മണിയുടെയും ആത്മകഥ കൂടി പഠിപ്പിക്കേണ്ടി വരുമെന്ന് വ്യക്തി ആരാധനയും വ്യക്തി പൂജയും പാര്‍ട്ടി നയമാണോയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. കെ കെ ശൈലജയുടെ മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന ആത്മകഥയാണ് സിലബസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

നേരത്തെ സിലബസ് പ്രസിദ്ധീകരിക്കും മുന്‍പ് വാട്‌സ്ആപ്പിലൂടെ പ്രചരിച്ചത് വിവാദമായിരുന്നു. സിലബസ് രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തോന്ന്യവാസം കാണിക്കുന്നുവെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശൈലജ ടീച്ചറുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയതെന്നും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. സര്‍വകലാശാല രാഷ്ട്രീയ അജണ്ടയോടെയാണ് ഈ ആത്മകഥ ഉള്‍പ്പെടുത്തിയത്.കണ്ണൂര്‍ സര്‍വ്വകലാശാലയെ കമ്മ്യൂണിസ്റ്റ് വത്കരിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Top