എവിടെ നിന്നും ദേശീയഗാനം എപ്പോള്‍ കേട്ടാലും സ്വയമേവ താന്‍ എഴുന്നേറ്റു പോകുമെന്ന് പ്രശസ്ത ബോളിവുഡ് താരം കാജോള്‍. രാജ്യത്തെ സിനിമ തിയറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിനു തൊട്ടു മുമ്പിലെ ദേശീയഗാനം ഇപ്പോള്‍ നിര്‍ബന്ധിതമല്ലെന്ന സുപ്രീംകോടതിയുടെ വിധിയോട് പ്രതികരിക്കുകയായിരുന്നു താരം.
കഴിഞ്ഞ ദിവസമായിരുന്നു കോടതിയുടെ വിധി വന്നത്. സിനിമ തിയറ്ററില്‍ ദേശീയഗാനം ആലാപനം നിര്‍ബന്ധമല്ലെന്ന് പറയാതെ പറയുകയാണ് സുപ്രീം കോടതി. വേണമെങ്കില്‍ തിയറ്ററുകാര്‍ക്ക് ഇത് നിര്‍ബന്ധമാക്കാം അല്ലെങ്കില്‍ ഒഴിവാക്കാം. ഇതിന്റെ അധികാരം അവസാനമായി നിക്ഷിപ്തമായിരിക്കുന്നത് തിയറ്റര്‍ ഉടമകള്‍ക്കാണ്. എന്നിരുന്നാലും പൗരന്‍മാര്‍ ദേശീയഗാനത്തെ ബഹുമാനിക്കണമെന്നും അത് നിരീക്ഷിക്കണമെന്നും കോടതി സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി സിനിമ തിയറ്ററിലെ ദേശീയഗാനാലാപനം വലിയൊരു ചര്‍ച്ചയായി മാറിയിരുന്നു. ഇത് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നെന്നും കാജോള്‍ അഭിപ്രായപ്പെട്ടു. ‘സ്വച്ഛ് ആദത് സ്വച്ഛ് ഭാരത് ‘പദ്ധതിയുടെ കാമ്പെയ്‌നിന്റെ ഭാഗമായി സംസാരിക്കുന്നതിനിടെയാണ് കാജോൾ ഇക്കാര്യം പറഞ്ഞത്. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആണ് കാജോള്‍
അതേസമയം സാനിറ്ററി നാപ്കിന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ ഭീമമായ നികുതി ഏര്‍പ്പെടുത്തിയതിനെ താരം വിമര്‍ശിച്ചു. നാപ്കിനുകളുടെ മേല്‍ ചുമത്തിയ അധിക നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ത്രീ -പുരുഷ താരങ്ങളും നേരത്തെ രംഗത്തെത്തിയിരുന്നു.
ഇത്തരം കാര്യങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ താന്‍ ഒരു സാമ്പത്തിക വിദഗ്ധയല്ല, എന്നാലും സര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ എന്താണ് ഉചിതമെന്ന് ആലോചിച്ച് നോക്കാനും കാജോള്‍ അഭിപ്രായപ്പെട്ടു.