postmortem report employee at private hospital sexually assaulted

death

പാലക്കാട്: പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത വനിതാ ജീവനക്കാരി നിരവധി തവണ ലൈംഗികചൂഷണത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫും ലാബ് ജീവനക്കാരിയും ആത്മഹത്യ ചെയ്തിരുന്നു. ഇതില്‍ മരിച്ച 20 കാരി നിരവധി തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍, അവിവാഹിതയായ യുവതിയുടെ മരണത്തില്‍ ഇതുവരെ രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടില്ല.

2016 ഡിസംബറിലും ഇക്കഴിഞ്ഞ ഫെബ്രുവരിയിലുമാണ് പാലക്കാട് പാലാന ആശുപത്രി ജീവനക്കാരികള്‍ ആത്മഹത്യ ചെയ്തത്. ഫെബ്രുവരി 20 ന് മരിച്ച നഴ്‌സിംഗ് സ്റ്റാഫായ യുവതി ചിറ്റൂരിലെ വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഈ യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ലൈംഗികപീഡനത്തിന് ഇരയായിരുന്നതായി വ്യക്തമായത്.

ആശുപത്രിയില്‍ നഴ്‌സുമാര്‍ ലൈംഗികപീഡനത്തിന് ഇരയാകുന്നതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. ഇതു ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. ഈ ആത്മഹത്യാ വാര്‍ത്ത പുറത്തുവന്നതിനു ശേഷം രണ്ടു ആത്മഹത്യാ ശ്രമങ്ങള്‍ കൂടി ആശുപത്രിയില്‍ ഉണ്ടായി.

ഈമാസം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് 2 പെണ്‍കുട്ടികള്‍ ആത്മഹത്യാശ്രമം നടത്തിയത്. അഞ്ചു ദിവസം മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരി ഇതേ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ആശുപത്രിയിലെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആക്ഷേപമുണ്ട്. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആശുപത്രി ജീവനക്കാരില്‍ നിന്നും മാനേജ്‌മെന്റ് പ്രതിനിധികളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. പരാതി നല്‍കിയിട്ടില്ലെങ്കിലും മരിച്ച കുട്ടികളുടെ വീടുകളിലും എഎസ്പി ജി.പൂങ്കുഴലി നേരിട്ടെത്തി അന്വേഷണം നടത്തി.

ആശുപത്രിയിലെ നഴ്‌സിംഗ് ജീവനക്കാരികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് പീഡനം നടക്കുന്നതെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്.

Top