തിരുവനന്തപുരം : വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന മുന്‍ ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. ഇന്റലിജന്‍സ് എസ്പിയായിട്ടാണ് നിയമനം. ജോര്‍ജിന് കസ്റ്റഡികൊലപാതകത്തില്‍ ബന്ധമില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസില്‍ തിരിച്ചെടുത്തത്.
ആലുവ റൂറല്‍ എസ്.പിയായിരിക്കേ എ.വി.ജോര്‍ജ് രൂപം കൊടുത്ത ടൈഗര്‍ഫോഴ്‌സ് ആണ് ആളുമാറി ശ്രീജിത്തിനെ വീട്ടില്‍ നിന്നും പിടികൂടി കൊണ്ടു പോയത്. കസ്റ്റഡിയില്‍ വച്ചു ക്രൂരമായി മര്‍ദ്ദനമേറ്റ ശ്രീജിത്ത് പിന്നീട് മരണപ്പെട്ടിരുന്നു. നിയമവിരുദ്ധമായാണ് എസ്പി ടൈഗര്‍ഫോഴ്‌സിന് രൂപം കൊടുത്തതെന്നും ശ്രീജിത്ത് കൊലപാതകക്കേസില്‍ ജോര്‍ജിനെ പ്രതിയാക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്നു പൊലീസുകാരും എസ്.ഐയും സി.ഐയും അടക്കമുള്ളവര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ജോര്‍ജിന് പങ്കില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൂടുതല്‍ നടപടിയ്ക്ക് സര്‍ക്കാര്‍ മുതിര്‍ന്നിരുന്നില്ല.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മെയ് 11നാണ് ജോര്‍ജിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം ജോര്‍ജിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തെങ്കിലും അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.