കൊച്ചി: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ മത്തിയുടെ ലഭ്യത കുറയുന്നതിന്റെ കാരണം തേടി ഗവേഷകര്‍. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നെത്തുന്നവര്‍ കൊച്ചിയിലെ സി.എം.എഫ്.ആര്‍.ഐ.യില്‍ ചര്‍ച്ച സംഘടിപ്പിക്കും. മത്തിയുടെ ലഭ്യതയില്‍ അടിക്കടിയുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ കാരണങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ ഓഗസ്റ്റ് 6 ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) ഗവേഷകര്‍ കൂടിക്കാഴ്ച നടത്തും.
മത്തിയെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് തിരിച്ചറിയാനും മതിയായ കരുതല്‍ നടപടികള്‍ സ്വീകരിക്കാനുമാണ് ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്. കാലാവസ്ഥാവ്യതിയാനം, സമുദ്രപ്രതിഭാസം, മത്തിയുടെ ജൈവശാസ്ത്രം, സാമൂഹിക-സാമ്പത്തിക കാര്യങ്ങള്‍ എന്നീ മേഖലയിലുള്ള വിദഗ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതാണ്. എല്‍നിനോ-ലാനിനാ പ്രതിഭാസമാണ് മത്തിയുടെ ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നതെന്ന് സിഎംഎഫ്ആര്‍ഐ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.