ആൽപ്‌സിൽ ഹിമപാതം; ആറ് പേര്‍ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

ഇറ്റാലിയുടെ വടക്ക് സ്ഥിതി ചെയ്യുന്ന ആൽപ്‌സിൽ മർമോലഡ ഹിമാനിയുടെ തകർച്ചയെ തുടർന്നുണ്ടായ ഹിമപാതത്തിൽ കുടുങ്ങി ആറ് പേർ മരിച്ചു. 19 പേരെ കാണാതായിട്ടുണ്ട്. പതിനൊന്നുപേർ പരിക്കുകളുമായി ആശുപത്രിയിലാണ്. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു. ഒമ്പത് പേരുടെ പരിക്ക് നിസാരമാണ്. കാണാതായർക്കായി ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.

സെറാക്ക് എന്നറിയപ്പെടുന്ന ഹിമാനിയുടെ ഒരു ഭാഗം തകരാൻ കാരണം എന്താണെന്ന് കൃത്യമായി പറയാറായിട്ടില്ല. ഒരു വലിയ സംഘം പര്‍വ്വതാരോഹകർ കയറിയതിനെ തുടര്‍ന്ന് മഞ്ഞും പാറയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതാകാം ഹിമപാതത്തിന് കാരണമെന്ന് എമർജൻസി സർവീസ് വക്താവ് മിഷേല കനോവ പറഞ്ഞു. പര്‍വ്വതാരോഹകരുടെ എണ്ണം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് അസാധാരണമാം വിധം ഉയര്‍ന്ന ചൂടാണ് അനുഭവപ്പെട്ടതെന്ന് രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരുന്നവർ പറഞ്ഞു. ചൂട് കൂടിയ കാലാവസ്ഥയില്‍ കൂടുതല്‍ ആളുകള്‍ ഇതുവഴി കടന്ന് പോയപ്പോള്‍ മഞ്ഞിലുണ്ടായ തെന്നിമാറലും ഹിമപാതത്തിന് കാരണമായതായി കരുതുന്നു. ആഗോളതാപനത്തിന്റെ ഫലമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹിമാനികളുടെ എണ്ണത്തിലും വലിപ്പത്തിലും കുറവുണ്ടാകുന്നതായി ഇറ്റാലിയന്‍ പര്‍വ്വതാരോഹകനായ റെയ്‌നോൾഡ് മെസ്‌നർ മാധ്യമങ്ങളോട് പറഞ്ഞു.

ചൂട് കൂടുന്നതിനൊപ്പം ഗുരുത്വാകര്‍ഷണവും കൂടിയാകുമ്പോള്‍ ഹിമാനികള്‍ പെട്ടെന്ന് നിലം പതിക്കാം. അടുത്തിടെയായി ഹിമാനികള്‍ തകര്‍ന്ന് വീഴുന്നതിന്റെ നിരക്കിലും വര്‍ദ്ധനവുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആഗോളവ്യാപകമായി ചൂട് കൂടുമ്പോള്‍ പുതിയ ഹിമാനികള്‍ രൂപപ്പെടുന്നത് തടയുന്നു. അതോടൊപ്പം പഴയ ഉരുകി, താഴ്വാരയിലേക്ക് പൊട്ടിവീഴുന്നതിനും കാരണമാകുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

Top