കാബൂള്‍: അഫ്ഗാനിസ്താനില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഞ്ഞിടിച്ചില്‍ മരിച്ചവരുടെ എണ്ണം 135 ആയതായി റിപ്പോര്‍ട്ട്.
രക്ഷാ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന അഫ്ഗാന്‍ മന്ത്രാലയ വക്താവ് ഉമര്‍ മുഹമ്മദിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന്റെ വിവിധയിടങ്ങളിലുണ്ടായ അപകടത്തില്‍ 150ലേറെ വീടുകള്‍ തകര്‍ന്നു. 550ഓളം മൃഗങ്ങള്‍ക്ക് ജീവഹാനിയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. 1000 ഹെക്ടറോളം കൃഷി ഭൂമി നശിച്ചു.
രണ്ട് ജില്ലകളിലായി 16 പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പര്‍വാന്‍ വടക്കന്‍ പ്രവിശ്യ ഗവണര്‍ മുഹമ്മദ് അസീം പറഞ്ഞു.
ദുരന്ത സ്ഥലത്തേക്ക് രക്ഷാ പ്രവര്‍ത്തകരെ അയച്ചിട്ടുണ്ടെങ്കിലും മഞ്ഞ് മൂടിക്കിടക്കുന്നതിനാല്‍ റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മരണ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഹിമപാതം കാരണം പാകിസ്താനിലും 13 ആളുകള്‍ മരിക്കുകയും അഞ്ച് വീടുകള്‍ തകരുകയും ചെയ്തിട്ടുണ്ട്.