അവന്ദിപ്പൂരിലെ ഭീകരാക്രമണം; മുഖ്യ സൂത്രധാരനെ യു.എ.ഇ ഇന്ത്യയ്ക്ക് കൈമാറി

ശ്രീനഗര്‍: 2017ല്‍ കശ്മീരിലെ അവന്ദിപ്പൂരില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ യു.എ.ഇ ഇന്ത്യക്ക് കൈമാറി. അവന്ദിപ്പൂരിലെ സി.ആര്‍.പി.എഫ് ക്യാമ്പ് ആക്രമിച്ച് അഞ്ച് സൈനികരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന ആസൂത്രകനായിരുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ നിസാര്‍ അഹമ്മദിനെയാണ് യുഎഇ ഇന്ത്യക്ക് കൈമാറിയത്. പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച ശേഷം ഇയാളെ എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു.

നിസാറിനെതിരെ എന്‍.ഐ.എ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2017 ഡിസംബറിലാണ് ലത്പോറയിലെ അവന്ദിപ്പൂര്‍ സൈനിക ക്യാമ്പിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. മൂന്ന് ഭീകരരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി ഒന്നിനാണ് സൂത്രധാരനായ ഇയാള്‍ യു.എ.ഇയിലേക്ക് കടന്നത്. ജെയ്‌ഷെ ഡിവിഷണല്‍ കമാന്റര്‍ നൂര്‍ താന്ത്രെയുടെ സഹോദരനാണ് ഇയാള്‍.

2017ല്‍ കാശ്മീര്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ നൂര്‍ കൊല്ലപ്പെട്ടിരുന്നു. നിസാറിന്റെ താവളം കണ്ടെത്തിയ ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരം യു.എ.ഇ.യ്ക്ക് കൈമാറുകയായിരുന്നു.

Top