ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍ വീണ്ടും വരുന്നു; ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്‌

ഹോളിവുഡിനെ പിടിച്ചുലച്ച ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍ വീണ്ടും വരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമയുടെ ഭൂരിഭാഗം സീനുകളും ചിത്രീകരിക്കുന്നത് വെള്ളത്തിനടിയിലാണ്. സാം വര്‍ത്തിങ്ടണ്‍, സൊയേ സല്‍ഡാന, സിഗോര്‍ണി വീവര്‍ എന്നിവരാണ് അഭിനേതാക്കള്‍.

മനുഷ്യരും പണ്ടോരയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാര്‍ 2009ലാണ് ആദ്യമായി കാമറൂണ്‍ വെള്ളിത്തിരയിലെത്തിച്ചത്. നാലര വര്‍ഷം കൊണ്ട് യാഥാര്‍ത്ഥ്യമായ ചിത്രം 2.7 ദശലക്ഷം ഡോളറാണ് തിയേറ്ററില്‍ നിന്ന് വാരിയത്.

അവതാര്‍ 2ന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് അവതാര്‍ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹോളിവുഡില്‍ ഒരുക്കിയ സെറ്റിന് പുറമെ ന്യൂസീലന്‍ഡിലും സിനിമ ചിത്രീകരിക്കും. കൊറോണ ഭീതി കെട്ടടങ്ങിയതിന് ശേഷമായിരിക്കും ഷൂട്ടിങ് പുനരാരംഭിക്കുക. 7500 കോടി രൂപയാണ് സിനിമയിലെ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. 20 ത്ത് സെഞ്ചറി സ്റ്റുഡിയോസും ലൈറ്റ് സ്റ്റോം എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് 2012 ലാണ് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. ആദ്യം രണ്ട് ഭാഗങ്ങളായിരുന്നു ആലോചിച്ചിരുന്നതെങ്കില്‍ പിന്നീട് കഥ വികസിച്ചുവന്നപ്പോള്‍ നാല് ഭാഗങ്ങള്‍ കൂടി ചേര്‍ക്കുകയായിരുന്നു. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര്‍ പതിനേഴിനും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ പത്തൊന്‍പതിനും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കോവിഡ് പടര്‍ന്ന സാഹചര്യത്തില്‍ റിലീസുകള്‍ പ്രഖ്യാപിച്ച സമയത്ത് തന്നെ നടക്കാന്‍ യാതൊരു സാധ്യതയുമില്ല. ലോകമൊട്ടാകെ റിലീസ് ചെയ്‌തെങ്കില്‍ മാത്രമേ മുടക്ക്മുതല്‍ തിരിച്ചുപിടിക്കാനാകൂ.

കോവിഡ് 19 ലോകമൊട്ടാകെയുള്ള സിനിമാ വിപണിക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യാന്തര സിനിമാവിപണിയില്‍ ഈ വര്‍ഷം കുറഞ്ഞത് 37,000 കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ സ്ഥിതിയും മരിച്ചല്ല. ആദ്യം പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണില്‍ ബോളിവുഡ് സിനിമയ്ക്കുണ്ടായ നഷ്ടം 500 കോടിയാണെന്നാണ് ട്രെയ്ഡ് അനലിസ്റ്റുകള്‍ കണക്കാക്കുന്നത്.

Top