അവിനാശി അപകടം നിയമസഭയില്‍ ഉന്നയിക്കും, രാത്രിയാത്രക്ക് മാര്‍ഗരേഖ വേണം; ഷാഫി പറമ്പില്‍

പാലക്കാട്: 20 പേരുടെ ജീവന്‍ പൊലിഞ്ഞ അവിനാശി അപകടം നിയമസഭയില്‍ ഉന്നയിക്കുമെന്ന് വ്യക്തമാക്കി ഷാഫി പറമ്പില്‍ എംഎല്‍എ. രാത്രിയാത്ര സുരക്ഷിതമാക്കാനുള്ള മാര്‍ഗരേഖ തയ്യാറാക്കണം, ഇതിനായി നിയമസാധ്യത തേടുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഡ്രൈവിങ്ങിന് രാത്രി സമയപരിധി വയ്ക്കണമെന്ന നിര്‍ദേശവും ഡ്രൈവര്‍മാര്‍ക്ക് വിശ്രമം വേണമെന്ന കാര്യവും ഷാഫി പറഞ്ഞു.

ഡ്രൈവര്‍മാര്‍ക്ക് വിശ്രമമില്ലാത്തതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന വാദങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു, ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അവിനാശിയില്‍ മരിച്ചവര്‍ക്ക് അനുശേചനം അറിയിക്കുകയായിരുന്നു ഷാഫി. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്നറുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 20 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. മരിച്ചവരെല്ലാം മലയാളികളാണ്. ബസിന്റെ ഡ്രൈവറും കണ്ടക്ടറും തല്‍ക്ഷണം മരിച്ചിരുന്നു. 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് നിര തെറ്റിയ കണ്ടെയ്നര്‍ ലോറി എതിര്‍ ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസ്സുമായി ഇടിക്കുകയായിരുന്നു. ബസ്സിന്റെ വലതുവശത്താണ് കണ്ടെയ്നര്‍ വന്ന് ഇടിച്ചത്. അതിനാല്‍ വലതുഭാഗത്ത് ഇരുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ പരിക്കേറ്റത്. ഡ്രൈവര്‍ ഉറങ്ങിയതും അപകട കാരണമാണെന്ന വാദവും ഇപ്പോള്‍ ഉയരന്നുണ്ട്.

Top