എല്‍ഡിഎഫിനെ പിന്തുണച്ച് യുഡിഎഫ്; അവിണിശ്ശേരിയില്‍ ഭരണം വീണ്ടും ഇടതിന്

അവിണിശ്ശേരി: ബിജെപിയില്‍ നിന്ന് തൃശൂര്‍ അവിണിശ്ശേരി പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്. കോണ്‍ഗ്രസ്സ് ഇടതുപക്ഷത്തെ പിന്തുണച്ചതോടെയാണ് എല്‍ഡിഎഫിന് ഭരണം കിട്ടിയത്. എല്‍ ഡി എഫ്, യുഡിഎഫ് കൂട്ട് കെട്ടിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.

അവിണിശ്ശേരി പഞ്ചായത്തില്‍ ആകെ 14 സീറ്റുകളാണുള്ളത്. ബിജെപി 6 എല്‍ഡിഎഫ് 5 യുഡിഎഫ് 3 എന്നിങ്ങനെയാണ് കക്ഷി നില. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ്, യുഡിഎഫിന് വോട്ട് ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

എന്നാല്‍ ഇന്ന് നടന്ന തെരഞ്ഞെടുപ്പിലും യുഡിഎഫ് പിന്തുണച്ചതോടെ എല്‍ഡിഎഫിന്റെ എ ആര്‍ രാജു പ്രസിഡന്റ് സ്ഥാനത്തെത്തി. ജനവിധിയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ബിജെപി വിമര്‍ശിച്ചു.

സുസ്ഥിരമായ പഞ്ചായത്ത് ഭരണത്തിനാണ് എല്‍ഡിഎഫിനെ പിന്തുണച്ചതെന്നാണ് യുഡിഎഫിന്റെ നിലപാട്. കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം ഭരണം തുടരുമോയെന്നത് വ്യക്തമല്ല. എന്തായാലും ബിജെപിയെ ഒഴിവാക്കിയുളള അവിണിശ്ശേരി മോഡല്‍ ഭരണം, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉള്‍പ്പടെ സജീവമാക്കാനാണ് എന്‍ഡിഎയുടെ തീരുമാനം.

Top