തിരുവനന്തപുരം: ചലച്ചിത്ര അവാർഡ് വിവാദം മുറുകുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ജൂറി അംഗം നേമം പുഷ്പരാജ് സംസാരിക്കുന്ന ഓഡിയോ പുറത്തു വിട്ട് സംവിധായകൻ വിനയൻ. അവാർഡ് നിർണ്ണയത്തിൽ രഞ്ജിത് ഇടപെട്ടു എന്നാണ് നേമം പുഷ്പരാജിന്റെ ആരോപണം. രഞ്ജിത്തിന് സ്ഥാനത്തു തുടരാൻ അർഹത ഇല്ലെന്നും പുഷ്പരാജ് പറയുന്നു. തന്റെ സിനിമ 19 ആം നൂറ്റാണ്ടിനെ ബോധപൂർവ്വം തഴഞ്ഞു എന്ന് വിനയൻ പരാതി പെട്ടിരുന്നു. പിന്നാലെയാണ് ജൂറി അംഗത്തിന്റെ ഓഡിയോ പുറത്തു വിട്ടത്. താൻ ഉന്നയിച്ച പരാതി സാധൂകരിക്കുന്ന രീതിയിലുള്ള ഒരു ഓഡിയോ സന്ദേശമാണ് വിനയൻ പുറത്തുവിട്ടിരിക്കുന്നത്.
ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ അക്കാദമി ചെയർമാനായ രഞ്ജിത് ഇടപെട്ടുവെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധായകൻ വിനയൻ ഉന്നയിക്കുന്നത്. തന്റെ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിന് അവാർഡ് കിട്ടാതിരിക്കാൻ വേണ്ടി അക്കാദമി ചെയർമാനായ രഞ്ജിത് ഇടപെട്ടു എന്നായിരുന്നു ആരോപണം. ജൂറി അംഗങ്ങളെ സ്വാധീനിക്കാൻ രഞ്ജിത് ശ്രമിച്ചു. അതുപോലെ തന്നെ ഒരു ജൂറി അംഗത്തെ മറ്റൊരു ജൂറി അംഗത്തെ ഉപയോഗിച്ച് സ്വാധീനിക്കാനുള്ള ശ്രമവും അക്കാദമി ചെയർമാനായ രഞ്ജിത് നടത്തി എന്നുള്ള ആരോപണവുമാണ് വിനയൻ ആരോപിച്ച കാര്യം. അവസാനം മൂന്ന് അവാർഡുകളിലേക്ക് പത്തൊൻപതാം നൂറ്റാണ്ട് എത്തുന്ന സമയത്ത് അവാർഡ് അട്ടിമറിക്കാനുള്ള ശ്രമവും രഞ്ജിത്തിന്റെ ഭാഗത്ത് നിന്നുണ്ടായി എന്ന ആരോപണവും വിനയൻ ഉന്നയിച്ചിരുന്നു.
പത്തൊൻപതാം നൂറ്റാണ്ട് സിനിമയെ അവഗണിക്കാനായി രഞ്ജിത്ത് ഇടപ്പെട്ടു എന്നതിന്റെ തെളിവുകളടക്കം കയ്യിലുണ്ടെന്ന് വ്യക്തമാക്കിയാണ് ചോദ്യങ്ങളുമായി വിനയൻ രംഗത്തെത്തിയത്. ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്ത് നിരന്തരമായി ഇടപെടുന്നു എന്ന പരാതി വളരെ സീനിയറായ ഒരു ജൂറി അംഗം സാംസ്കാരിക വകുപ്പ് മന്ത്രിയെ അറിയിക്കുവാനായി മന്തിയുടെ പി എസിനെ തന്നെ വിളിച്ചു പറഞ്ഞെന്ന് അടക്കമുള്ള ആരോപണങ്ങളും വിനയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിരത്തിയിട്ടുണ്ട്. എന്തിനാണ് സുഹൃത്തേ.. രഞ്ജിത്തേ നിങ്ങളിത്ര തരം താണ തരികിടകൾക്ക് പോണതെന്നും ചോദിച്ച വിനയൻ, സാസ്കാരിക മന്ത്രി സജീ ചെറിയാനും ഇക്കാര്യത്തിൽ മറുപടി പറയേണ്ടതുണ്ടെന്നും വ്യക്തമാക്കിയിരുന്നു.