കൊച്ചി: അമേരിക്കയിലേക്ക് പ്രവര്‍ത്തനം വിപുലപ്പെടുത്തി ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലോകോത്തര വാഹനസോഫ്റ്റ്വെയര്‍ കമ്പനിയായ ആക്സിയ ടെക്‌നോളജീസ്. പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനാും വികസിപ്പിക്കുന്നതിനുമായി പുതിയ കമ്പനി മേധാവിയായി സ്‌കോട്ട് എ കുയാവയെ തിരഞ്ഞെടുത്തു. കമ്പനിയുടെ വൈസ് പ്രസിഡന്റ്, ജനറല്‍ മാനേജര്‍ എന്നീ ചുമതലകളും അദ്ദേഹം വഹിക്കും. മിഷിഗണിലെ ഡിട്രോയിറ്റിലുള്ള ആക്സിയ ടെക്‌നോളജീസിന്റെ സബ്‌സിഡറി കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. ഓട്ടോമോട്ടീവ് എഞ്ചിനീറിങ് രംഗത്ത് 30 വര്‍ഷത്തിലേറെ പരിചയസമ്പത്തുമായാണ് സ്‌കോട്ട് ആക്സിയ ടെക്‌നോളജീസില്‍ എത്തിയിരിക്കുന്നത്. പരോക്ഷമായി ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് അമേരിക്കയിലേക്കുള്ള ഈ ചുവടുവയ്പ്പെന്ന് കമ്പനി അറിയിച്ചു.
അമേരിക്കയിലെ കമ്പനിയുടെ സാന്നിധ്യം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ആക്സിയ ടെക്‌നോളജീസ് ഓഫീസുകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ചെറിയ കാലയളവിനുള്ളില്‍ ആഗോള വാഹനവിപണിയില്‍ പേരെടുത്ത കഴിഞ്ഞ ആക്സിയ ടെക്‌നോളജീസിന്റെ മാര്‍ക്കറ്റ് മേധാവിത്വം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതാണ് ഈ നീക്കമെന്നും കമ്പനി പറഞ്ഞു. ലോകമെമ്പാടുമുള്ള വാഹനപ്രിയരുടെ ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്ന സോഫ്ട്വെയര്‍ സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങള്‍ക്ക് സ്‌കോട്ട് എ കുയാവയുടെ നേതൃപാടവം വലിയ ഊര്‍ജ്ജമാകുമെന്ന് ആക്സിയ ടെക്‌നോളജീസിന്റെ സ്ഥാപക സിഇഒ ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു.
ഈ മേഖലയില്‍ സ്‌കോട്ടിനുള്ള അനുഭവസമ്പത്ത് കമ്പനിക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നും വാഹനനിര്‍മാതാക്കളുടെ ഭാവിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ അത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കോട്ടിന്റെ മേല്‍നോട്ടത്തില്‍ അമേരിക്കന്‍ വിപണിയില്‍ ആക്‌സിയയുടെ സാന്നിധ്യം ശക്തിപ്പെടുത്താനും പുതുമകള്‍ ആവിഷ്‌കരിക്കാനുമാണ് കമ്പനി ഉദ്ദേശിക്കുന്നത്. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ സ്‌കോട്ട് കമ്പനിയുടെ ബോര്‍ഡിനോട് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യും. പുതുതലമുറ ഓട്ടോമോട്ടീവ് സോഫ്ട്വെയറുകള്‍ വികസിപ്പിക്കുന്നതിനൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങളിലും ബാറ്ററി സംവിധാനങ്ങളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും.
വിപണിയില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെട്ടുത്തുമെന്നും ആക്‌സിയയുടെ വളര്‍ച്ചയില്‍ സുപ്രധാനപങ്ക് വഹിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്കയില്‍ ചുമതലയേറ്റെടുത്ത ശേഷം സ്‌കോട്ട് പ്രതികരിച്ചു. ഓട്ടോമോട്ടീവ് എഞ്ചിനീയറിങ്, നിര്‍മാണ രംഗങ്ങളില്‍ നിരവധി സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ളയാളാണ് സ്‌കോട്ട് എ കുയാവ. അപ്റ്റീവ് കമ്പനിയുടെ ഇന്‍ഫോടൈന്മെന്റ്/യൂസര്‍ എക്സ്പീരിയന്‍സ് വിഭാഗം ആഗോള എഞ്ചിനീയറിംഗ് തലവനായിരുന്നു. അന്താരാഷ്ട്ര കമ്പനികളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും സാങ്കേതികകേന്ദ്രങ്ങളുടെയും നിര്‍മാണകേന്ദ്രങ്ങളുടെയും വളര്‍ച്ചയിലും നിര്‍ണായകപങ്കുവഹിച്ചിട്ടുണ്ട്.