ആയിഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കണം; ഹൈക്കോടതി

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി. കേസില്‍ പൊലീസിനു മുന്നില്‍ ഹാജരാകാന്‍ ആയിഷ സുല്‍ത്താനയ്ക്ക് കോടതി നിര്‍ദേശം നല്‍കി. അതേസമയം ആയിഷയുടെ ജാമ്യാപേക്ഷ വിധി പറയുന്നത് മാറ്റി.

ആയിഷയുടെ ജാമ്യാപേക്ഷയെ കോടതിയില്‍ തുറന്നെതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ ആയിഷ കേന്ദ്രത്തെ ചൈനയുമായി താരതമ്യം ചെയ്തുവെന്നും ദ്വീപില്‍ ബയോവെപ്പണ്‍ ഉപയോഗിച്ചുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞെന്നും പരാമര്‍ശിച്ചു. അതേസമയം പരാമര്‍ശം മനപൂര്‍വമായിരുന്നില്ലെന്നും ആ സമയത്തെ ആവേശത്തില്‍ സംഭവിച്ചുപോയതാണെന്നും ആയിഷ കോടതിയില്‍ പറഞ്ഞു.

അബദ്ധം പറ്റിയെന്ന പരാമര്‍ശത്തിലൂടെ വെള്ളിത്തിരയില്‍ മാത്രമല്ല ജീവിതത്തിലും ആയിഷ അഭിനയിക്കുകയായിരുന്നെന്ന് ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ പറഞ്ഞു. അറസ്റ്റുണ്ടായാല്‍ ലക്ഷദ്വീപില്‍ നിന്നുള്ള ഒരു അഭിഭാഷകന്റെ സഹായം തേടാനും ആയിഷയ്ക്ക് അനുമതി നല്‍കണം. അറസ്റ്റിന്റെ വിവരം കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

Top