സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ഓണ്‍ലൈനിലൂടെ മാത്രമേ നടത്തൂവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. കേരളത്തിലെ പ്രളയദുരന്തത്തെ തുടര്‍ന്ന് 23നു വൈകിട്ട് ഓണ്‍ലൈനായി ഓഡിയോ റിലീസ് നടത്താനാണ് തീരുമാനം.
സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് യു എ ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പാണ് സിനിമ നിര്‍മ്മിക്കുന്നത്. ബിജു മജീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ദേശീയ തലത്തില്‍ ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് നടത്തിയ ഓഡിഷനുകളില്‍ നിന്നാണ് അഭിനേതാക്കളെ തിരഞ്ഞെടുത്തത്. വിപിന്‍ മംഗലശ്ശേരി, സമര്‍ത്ഥ് അംബുജാക്ഷന്‍, സിന്‍സീര്‍ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുല്‍, ശ്യാം കുറുപ്പ്, പ്രഭിരാജ് നടരാജന്‍, മുകേഷ് എം നായര്‍, ബേസില്‍ ജോസ് എന്നിവരോടൊപ്പം ലാലു അലക്‌സ്, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ബോബന്‍ സാമുവല്‍, പാഷാണം ഷാജി എന്നിവര്‍ക്കൊപ്പം സിനിമയിലെ മറ്റ് പ്രമുഖരും അണിനിരക്കുന്നു.
ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹനും പ്രഭിരാജ് നടരാജനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. എം. പദ്മകുമാര്‍ സംവിധാനം ചെയ്ത് പ്രിയങ്ക നായര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ‘ജലമാണ്’ ഏരീസ് ഗ്രൂപ്പ് സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആദ്യ ചിത്രം.