അയോധ്യ: നീണ്ടകാലത്തെ നിയമയുദ്ധത്തിനൊടുവില്‍ ബുധനാഴ്ച അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിക്കും. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം പണിക്ക് ഔപചാരിക തുടക്കം കുറിക്കും.
ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ദ് നൃത്യ ഗോപാല്‍ ദാസ് സംഭാവനചെയ്ത ഈ കട്ടി ചടങ്ങിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും. മംഗളകര്‍മത്തിനു മുന്നോടിയായി അയോധ്യയിലെ വീഥികളും കെട്ടിടങ്ങളും മഞ്ഞനിറം പൂശി മനോഹരമാക്കിയിരിക്കുകയാണ്. അയോധ്യയിലെ എല്ലാ വീടുകളിലും ബുധനാഴ്ച ദീപപ്രഭയൊരുക്കും. സരയൂ നദിക്കരയാണ് ആഘോഷങ്ങളുടെ പ്രധാനകേന്ദ്രം.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മഹന്ദ് നൃത്യ ഗോപാല്‍ ദാസ് എന്നിവരാണ് വേദിയില്‍ ഇരിക്കുക.
രാമക്ഷേത്രത്തിനായി ശക്തമായി വാദിച്ചിരുന്ന എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഇവര്‍ ചടങ്ങില്‍ സാന്നിധ്യമറിയിക്കും. ഇക്ബാല്‍ അന്‍സാരിക്കും ചടങ്ങില്‍ ക്ഷണമുണ്ട്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അദ്ദേഹവും ചടങ്ങില്‍ പങ്കെടുക്കില്ല.
അയോധ്യയിലെ ഹനുമാന്‍ ഗാര്‍ഹി, രാം ലല്ല ക്ഷേത്രം എന്നീ പ്രദേശങ്ങള്‍ മോദി സന്ദര്‍ശിക്കും. പള്ളിക്കായി സ്ഥലം അനുവദിച്ച ഇടവും മോദി സന്ദര്‍ശിക്കുമെന്നാണ് സൂചന. ഉച്ചയോടെയാണ് ഭൂമി പൂജ നടക്കുന്നത്. അതിന് മുമ്പ് പ്രധാനമന്ത്രി ഹനുമാന്‍ ഗാര്‍ഹി സന്ദര്‍ശിക്കും. 12.15നാണ് ഭൂമി പൂജ നടക്കുക.
40 കിലോ ഭാരമുള്ള വെള്ളികല്ലാണ് തടകല്ലിടല്‍ ചടങ്ങിന് ഉപയോഗിക്കുന്നതെന്ന് ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നൃത്യ ഗോപാല്‍ ദാസ് അറിയിച്ചിരുന്നു.