അയോധ്യയിലെ ഭൂമിതര്‍ക്ക കേസ് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റിവെക്കാന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി : അയോധ്യയിലെ ഭൂമിതര്‍ക്ക കേസ് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റിവെക്കാന്‍ സുപ്രീം കോടതി തീരുമാനം. പ്രശ്ന പരിഹാരത്തിനായി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ജൂലായ് 31 നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

മധ്യസ്ഥ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് വ്യാഴാഴ്ച കോടതി തീരുമാനം അറിയിച്ചത്. സമിതിയുടെ ഇടക്കാല റിപ്പോര്‍ടിന്റെ ഉള്ളടക്കം ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കവിഷയം രമ്യമായി പരിഹരിക്കുന്നതിനു സാധ്യതതേടി സുപ്രീംകോടതി മധ്യസ്ഥചര്‍ച്ചയ്ക്കു വിട്ടത് മാര്‍ച്ച് എട്ടിനാണ്. ജസ്റ്റിസ് എഫ്.എം.ഐ. കലീഫുള്ള, ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരെയാണു മധ്യസ്ഥരായി നിയോഗിച്ചത്.

ചര്‍ച്ചകളില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച സമിതിക്ക് ഓഗസ്റ്റ് 15 വരെ സുപ്രീംകോടതി സമയം നീട്ടിനല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണു മധ്യസ്ഥ ചര്‍ച്ചയില്‍ ഫലംകാണുന്നില്ലെന്നും ഹര്‍ജി ഉടന്‍ ലിസ്റ്റു ചെയ്യണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരനായ ഗോപാല്‍ സിങ് വിശാരദ് കഴിഞ്ഞദിവസം സുപ്രീംകോടതിയിലെത്തിയത്.

Top