ന്യൂഡല്‍ഹി: അയോധ്യ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ചു നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയി അധ്യക്ഷനായ പുതിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.കേസില്‍ ദൈനംദിനാടിസ്ഥാനത്തില്‍ വാദം കേള്‍ക്കണമോയെന്ന കാര്യത്തില്‍ സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയേക്കും. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് വിധി പ്രസ്താവിക്കണമെന്നും പ്രസ്താവിക്കരുതെന്നും ആവശ്യങ്ങള്‍ ഉയര്‍ന്ന ഹര്‍ജികളാണ് പരമോന്നത കോടതി പരിഗണിക്കുക.
1994ലെ ഇസ്മായില്‍ ഫറൂഖി കേസിലെ വിധി വിശാല ബെഞ്ചിന് വിടണമെന്നും അതിന് ശേഷം മാത്രം അയോധ്യതര്‍ക്കഭൂമികേസ് പരിഗണിച്ചാല്‍ മതിയെന്നുമുള്ള ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ഇസ്ലാമിന് പള്ളി നിര്‍ബന്ധമല്ലെന്ന 1994ലെ വിധി പ്രത്യേക സാഹചര്യത്തിലും ഉള്ളടക്കത്തിലും ഉള്ളതാണ്.
അയോധ്യതര്‍ക്കഭൂമി കേസിനെ ഈ വിധി ബാധിക്കില്ലെന്നും ഹര്‍ജി തള്ളി സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിയുടെ തുടര്‍നടപടിയായി കൂടിയായാണ് അയോധ്യ തര്‍ക്ക ഭൂമി കേസ് ഉടന്‍ പരിഗണിക്കാന്‍ വഴിയൊരുങ്ങിയത്. കേസുമായി ബന്ധപ്പെട്ട തുടര്‍വാദത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളാകും കോടതിയില്‍ നിന്ന് ഇന്നുണ്ടാവുക.