ന്യൂഡല്‍ഹി : അയോധ്യ തര്‍ക്കക്കേസില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മധ്യസ്ഥ സംഘത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ജൂലൈ 25ന് കേസ് വീണ്ടും പരിഗണിക്കും. മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരം സാധ്യമെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. മധ്യസ്ഥ സമിതിയെ വിമര്‍ശിക്കേണ്ടതില്ലെന്ന് സുന്നിവിഭാഗം അഭിഭാഷകന്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ജസ്റ്റിസ് എഫ്.എം. ഇബ്രാഹിം ഖലീഫുല്ലയുടെ നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് കേസിലെ കക്ഷിയായ ഗോപാല്‍ സിങ് വിശാരദ് കോടതിയെ അറിയിച്ചിരുന്നു.
ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കവിഷയം രമ്യമായി പരിഹരിക്കുന്നതിനു സാധ്യതതേടി സുപ്രീംകോടതി മധ്യസ്ഥചര്‍ച്ചയ്ക്കു വിട്ടത് മാര്‍ച്ച് എട്ടിനാണ്. ജസ്റ്റിസ് എഫ്.എം.ഐ. കലീഫുള്ള, ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരെയാണു മധ്യസ്ഥരായി നിയോഗിച്ചത്. ചര്‍ച്ചകളില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച സമിതിക്ക് ഓഗസ്റ്റ് 15 വരെ സുപ്രീംകോടതി സമയം നീട്ടിനല്‍കുകയും ചെയ്തിരുന്നു.