ന്യൂഡല്‍ഹി: അയോധ്യ കേസില്‍ വാദം കേള്‍ക്കുവാന്‍ തീരുമാനമായി. അയോധ്യ ഭൂമിതര്‍ക്ക കേസിലെ മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതായും ആഗസ്റ്റ് 6 മുതല്‍ ഭരണഘടനാ ബഞ്ച് വാദം കേള്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കേസില്‍ മധ്യസ്ഥത വഹിച്ചത് സുപ്രീംകോടതി മുന്‍ ജഡ്ജി എഫ്.എം.ഐ ഖലീഫുല്ലയുടെ നേതൃത്വത്തിലുള്ള സമിതിയാണ്. ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരും സമിതിയിലെ മറ്റ് അംഗങ്ങളാണ്.
ആഗസ്റ്റ് ആറ് മുതല്‍ ദിവസവും വാദം കേള്‍ക്കുവാനാണ് സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ എസ്.എ ബോംബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരാണ് കേസ് പരിഗണിക്കുന്ന ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. സമിതിയുടെ റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് കോടതിക്ക് സമര്‍പ്പിച്ചത്. ജൂലൈ 11നും സുപ്രീംകോടതി കേസിലെ മധ്യസ്ഥയിലുള്ള പുരോഗതി വിലയിരുത്തിയിരുന്നു.