കോടതി വിധിയെ മാനിക്കുന്നു; എല്ലാവരും ആത്മസംയമനം പാലിക്കണമെന്നും പാണക്കാട് ഹൈദരലി തങ്ങള്‍

മലപ്പുറം:അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ വിധിയെ മാനിക്കുന്നുവെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ വിധി പഠിച്ചശേഷം നടത്താമെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.

‘വിധിയുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. എല്ലാവരും ആത്മസംയമനം പാലിക്കണം. സമാധാനം ഉണ്ടാകണം,’ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ മറ്റന്നാള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് യോഗം ചേരുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോഗത്തിന് ശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താമെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി

വര്‍ഷങ്ങള്‍ നീണ്ടുനിന്ന അയോധ്യ കേസില്‍ നിര്‍ണായക വിധിയാണ് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായത്. അയോധ്യഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാനും മുസ്ലീങ്ങള്‍ക്ക് പകരം ഭൂമി നല്‍കാമെന്നുള്ള വിധിയാണ് കോടതി പ്രസ്താവിച്ചത്.

അതേസമയം തര്‍ക്കഭൂമി ഏതെങ്കിലും കക്ഷികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാകും ക്ഷേത്രം പണിയേണ്ടതെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി പൂര്‍ണമായും തള്ളിയ കോടതി ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും വ്യക്തമാക്കി.

Top