ന്യൂഡല്‍ഹി: അയോധ്യ ഭൂമി തകര്‍ക്ക കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ യോഗം ഇന്ന് ലഖ്‌നൗവില്‍. സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. സുപ്രീംകോടതി അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലും തീരുമാനമെടുക്കും. ഈ മാസം ഒമ്പതിനാണ് സുപ്രീംകോടതി വിധി വന്നത്. തര്‍ക്ക ഭൂമി ക്ഷേത്ര നിര്‍മാണത്തിന് വിട്ട് നല്‍കുകയും മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കിക്കൊണ്ടുമായിരുന്നു സുപ്രീംകോടതി വിധി വന്നത്.
കേരളത്തില്‍ നിന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാര്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സൗഹാര്‍ദപൂര്‍വ്വം ഭൂമി നിരസിക്കുകയാണ് വേണ്ടതെന്നുമാണ് സമസ്തയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
പുനഃപരിശോധന ഹര്‍ജി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സുന്നി വഖഫ് ബോര്‍ഡിലും വ്യക്തി നിയമ ബോര്‍ഡിലും അഭിപ്രായ ഭിന്നതയുണ്ട്. അക്കാര്യത്തില്‍ ഒരു അഭിപ്രായ ഏകീകരണം ഉണ്ടാക്കുകയാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന ലക്ഷ്യം. യോഗ ശേഷം മൂന്ന് മണിക്ക് പ്രതിനിധികള്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേ സമയം സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫാറൂക്കി, അയോധ്യ കേസിലെ കക്ഷി ഇഖ്ബാല്‍ അന്‍സാരി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.