ലക്‌നോ: രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദ തര്‍ക്ക ഭൂമിയുള്ള അയോധ്യയിലും സമീപ പ്രദേശങ്ങളിലും ഡിസംബര്‍ പത്തു വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അയോധ്യ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ അടുത്ത മാസം വിധി വരാനിരിക്കെയാണ് ജില്ലാ മജിസ്‌ട്രേറ്റ് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. മധ്യസ്ഥനീക്കം പരാജയമാണെന്നു ചൂണ്ടിക്കാട്ടിയാണു ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി ഓഗസ്റ്റ് ആദ്യവാരം മുതല്‍ കേസില്‍ അന്തിമ വാദം തുടങ്ങിയത്. അയോധ്യ കേസിലെ വാദം ഒക്ടോബര്‍ 18-നു മുമ്പ് അവസാനിപ്പിക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു.
അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാം ലല്ല എന്നിവര്‍ക്കായി വീതിച്ചു നല്‍കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരേയുള്ള 13 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. അയോധ്യ വിഷയത്തില്‍ കേവലം ഭൂമി തര്‍ക്കവുമായി ബന്ധപ്പട്ട പ്രശ്‌നങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ എന്നു കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.