ലക്നൗ: രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സുപ്രീംകോടതിയുടെ വിധി വൈകുകയാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പായും ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തണമെന്നും മോഹന്‍ ഭാഗവത് അറിയിച്ചു.
വിഎച്ച്പി അയോധ്യയില്‍ സംഘടിപ്പിച്ച മഹാറാലിയായ ധരംസഭയുടെ ഭാഗമായി നടന്ന ഹുംകാര്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കള്‍ പൊതുവേ സമാധാന പ്രിയരായതുകൊണ്ടാണ് ക്ഷേത്രനിര്‍മാണത്തിന് ഇത്രയും സമയമെടുക്കുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ പിന്നോട്ടു പോകില്ല. കോടതി എത്രയും വേഗം രാമക്ഷേത്രത്തിനായുളള വിധി പ്രസ്താവിക്കണം.നീതി വൈകിയാല്‍ അത് നീതി നിഷേധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ ശിവസേന തലവന്‍ ഉദ്ദവ് താക്കറെ അയോധ്യയിലെത്തി റാലി നടത്തിയിരുന്നു. രാമക്ഷേത്രം എന്ന് നിര്‍മ്മിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയണമെന്ന് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ബി.ജെ.പി രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ശിവസേന അതിനെ പിന്തുണയ്ക്കുമെന്നും ഉദ്ധവ് പറഞ്ഞു.
അതേസമയം അയോധ്യ വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമല്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.