രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പിയുടെ നേതൃത്വത്തില്‍ ഇന്ന് ധര്‍മ്മ സഭ

ന്യൂഡല്‍ഹി : രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പിയുടെ നേതൃത്വത്തില്‍ അയോധ്യയില്‍ ഇന്ന് ധര്‍മ്മ സഭ. പ്രതിഷേധത്തില്‍ രണ്ടുലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നാണ് വിഎച്ച് പി നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. അതേസമയം ഒരു ലക്ഷത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകരും ഇന്ന് അയോധ്യയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നഗരത്തിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അയോധ്യയിലും ഫൈസാബാദിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും തര്‍ക്കസ്ഥലത്ത് തല്‍സ്ഥിതി നിലനിര്‍ത്തണമെന്നുമാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ നിയോഗിക്കും.

ഇന്നലെ ശിവസേന തലവന്‍ ഉദ്ദവ് താക്കറെ അയോധ്യയിലെത്തി റാലി നടത്തിയിരുന്നു. രാമക്ഷേത്രം എന്ന് നിര്‍മ്മിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയണമെന്ന് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ബി.ജെ.പി രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ശിവസേന അതിനെ പിന്തുണയ്ക്കുമെന്നും ഉദ്ധവ് പറഞ്ഞു.

അതേസമയം അയോധ്യ വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമല്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Top