ലക്‌നൗ: അയോധ്യവിധിയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പ്രഖ്യാപിച്ച നിരോധാനജ്ഞ നീട്ടാന്‍ തീരുമാനം. അടുത്ത 15വരെയാണ് അയോധ്യയില്‍ നിരോധനാജ്ഞ. പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഉന്നതതല യോഗമാണ് നിരോധനാജ്ഞ നീട്ടാന്‍ തീരുമാനിച്ചത്. സുപ്രീം കോടതി വിധി അനുസരിച്ച് ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കേണ്ടതിനാല്‍ വരും നാളുകള്‍ ഏറെ നിര്‍ണ്ണായകമാണ്.
വലിയ ആഘോഷമായ കാര്‍ത്തിക പൂര്‍ണ്ണിമ ദിനമായ നാളെ നിലവിലെ സുരക്ഷ പോരെന്ന വിലയിരുത്തലിലാണ് യോഗി സര്‍ക്കാര്‍. അതുകൊണ്ട് തന്നെ നാളെ പ്രദേശത്ത് കൂടുതല്‍ സുരക്ഷ സേനയെ വിന്യസിക്കാന്‍ ഉന്നതതല യോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സരയൂ നദി തീരത്ത് നടക്കുന്ന ആഘോഷത്തില്‍ കഴിഞ്ഞ വര്‍ഷം എട്ട്‌ലക്ഷം പേര്‍ പങ്കെടുത്തതായാണ് പൊലീസിന്റെ കണക്ക്. വിധിയുടെ തലേന്ന് നടന്ന പഞ്ച കോശി പരിക്രമ ആഘോഷത്തില്‍ പങ്കെടുക്കാനും വന്‍ ജനാവലി അയോധ്യയില്‍ തമ്പടിച്ചിരുന്നു.