ന്യൂഡല്‍ഹി : അയോധ്യാ വിധി പ്രസ്താവത്തോടനുബന്ധിച്ച് രാജ്യത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അയോധ്യകേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് ന്യൂസ് ബ്രോഡ് കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി(എന്‍ബിഎസ്എ) മാധ്യമങ്ങള്‍ക്ക് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
കേസിനെയും വിധിയെയും സംബന്ധിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്പര്‍ധ ഒഴിവാക്കുന്നതിനായാണ് എന്‍ബിഎസ്എ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
മാര്‍ഗനിര്‍ദേശങ്ങള്‍
1. കേസില്‍ വിധി പ്രസ്താവിക്കുന്നതിന് മുമ്പ് സെന്‍സേഷണലും പ്രശ്‌നങ്ങളുണ്ടാക്കുന്നതുമായ തരത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യരുത്. കോടതി നടപടികളെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്.
2. കൃത്യവും വസ്തുതാപരവുമായ റിപ്പോര്‍ട്ടാണ് കേസ് സംബന്ധിച്ച് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടറും എഡിറ്ററും ഉറപ്പ് വരുത്തണം. സുപ്രീം കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്. വാദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വസ്തുത ഉറപ്പുവരുത്തണം.
3. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും പ്രസിദ്ധീകരിക്കുമ്പോഴും പള്ളി പൊളിക്കുന്ന ചിത്രങ്ങള്‍/ദൃശ്യങ്ങള്‍ എന്നിവ നല്‍കരുത്.
4. വിധി പ്രസ്താവത്തിന് ശേഷം ഉണ്ടാകാന്‍ സാധ്യതയുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍/ ദൃശ്യങ്ങള്‍ എന്നിവ പ്രചരിപ്പിക്കരുത്.
5. ചര്‍ച്ചകളിലെ തീവ്രമായ നിലപാടുകള്‍ സംപ്രേക്ഷണം ചെയ്യരുത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ബാബരി കേസില്‍ വിധി പറയുക. നാളെ രാവിലെ 10.30നാണ് വിധി പ്രഖ്യാപനം. തുടര്‍ച്ചയായ 40 ദിവസം വാദം കേട്ട ശേഷമാണ് നാളെ വിധി പറയുന്നത്.