ന്യൂഡല്‍ഹി: നവംബര്‍ ഒമ്പതിനായിരുന്നു അയോധ്യ ചരിത്ര വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും അയോധ്യ ഭൂമിക്ക് പുറമെ 5 ഏക്കര്‍ സ്ഥലം മുസ്ലീം വിഭാഗത്തിന് നല്‍കണമെന്നുമായിരുന്നു വിധി. എന്നാല്‍ അയോധ്യയിലെ രാമജന്മഭൂമിക്ക് സമീപം സുന്നി വഖഫ് ബോര്‍ഡിന് സ്ഥലം നല്‍കാനാവില്ലെന്നാണ് ഇപ്പോള്‍ അയോധ്യ മേയര്‍ റിഷികേശ് ഉപാധ്യായ വ്യക്തമാക്കുന്നത്.
സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറില്‍ മുസ്ലീം പള്ളിക്ക് സ്ഥലം നല്‍കാന്‍ സാധിക്കില്ല എന്നാണ് മേയര്‍ പറയുന്നത്. മാത്രമല്ല അയോധ്യയില്‍ മറ്റെവിടെയെങ്കിലും ഭൂമി നല്‍കാമെന്നും മേയര്‍ വ്യക്തമാക്കി. പള്ളിക്കുള്ള ഭൂമി കണ്ടെത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും മേയര്‍ ഋഷികേശ് ഉപാധ്യായ പറഞ്ഞു.
അയോധ്യ ഭൂമിയില്‍ മൂന്ന് മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ച് പദ്ധതി തയ്യാറാക്കണം, ട്രസ്റ്റിന് കീഴിലാകണം ക്ഷേത്രം പണിയേണ്ടതെന്നും മുസ്ലിങ്ങള്‍ക്ക് പകരം അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. അയോധ്യയില്‍ തന്നെ ഏറ്റവും അനുയോജ്യവും പ്രാധാന്യമേറിയതുമായ സ്ഥലത്ത് പള്ളി നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നുമായിരുന്നു കോടതി വിധിയില്‍ വ്യക്തമാക്കിയത്.