അയോധ്യയില്‍ കനത്ത സുരക്ഷ ഒരുക്കി പൊലീസ്; സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണം

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ വിധി വരാനിരിക്കെ അയോധ്യ ജില്ലയില്‍ സുരക്ഷ ശക്തമാക്കി ഉത്തര്‍പ്രദേശ് പൊലീസ്. റെഡ്, യെല്ലോ, ഗ്രീന്‍, ബ്ലൂ എന്നിങ്ങനെ അയോധ്യ ജില്ലയെ നാലു സോണുകളാക്കിയാണ് സുരക്ഷാക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഒരു പദ്ധതി പാളിയാല്‍ ഉടന്‍ തന്നെ അടുത്തത് സജ്ജമകുന്ന തരത്തിലാണ് സുരക്ഷ ആസൂത്രണം ചെയ്യുന്നതെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

റെഡ്, യെല്ലോ സോണുകളില്‍ സിആര്‍പിഎഫിനെ ആകും വിന്യസിക്കുക. മറ്റു രണ്ടു സോണുകള്‍ പൊലീസ് കൈകാര്യം ചെയ്യും. തര്‍ക്കസ്ഥലം ഉള്‍പ്പെടെ അയോധ്യക്ക് അഞ്ചു മൈല്‍ ചുറ്റളവിലാണ് റെഡ്, യെല്ലോ സോണുകള്‍. 14 മൈല്‍ വരെ ഗ്രീന്‍ സോണും അയോധ്യയ്ക്കു ചുറ്റുമുള്ള ജില്ലകള്‍ ബ്ലൂ സോണും ആയിട്ടാണു നിശ്ചയിച്ചിരിക്കുന്നത്. എണ്ണൂറോളം സ്‌കൂളുകളിലായാണ് രക്ഷാസേന തമ്പടിച്ചിരിക്കുന്നത്. താല്‍ക്കാലിക ജയിലുകളും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ഗ്രാമങ്ങളിലും വിവിധ വിഭാഗങ്ങളില്‍പെട്ട ആളുകളുടെ യോഗം വിളിച്ചുകൂട്ടി പൊലീസ് കാര്യങ്ങള്‍ വിശദീകരിച്ചു.

സമൂഹമാധ്യമങ്ങളും കര്‍ശന നിരീക്ഷണത്തിലാണ്. പ്രശ്നം വഷളാക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ശ്രമം നടത്തുന്നവര്‍ക്കെതിരെ എന്‍എസ്എ (ദേശസുരക്ഷാ നിയമം) ചുമത്തും. പ്രകോപനപരമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും പൊലീസ് നടപടിയുണ്ടാകുമെന്നും അയോധ്യ ജില്ലാ മജിസ്ട്രേറ്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

നിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി. സിങ് പറഞ്ഞു. 1600 ഗ്രാമങ്ങളില്‍ 10 പേരെ വീതം 16,000 സന്നദ്ധപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി മൊബൈല്‍ ആപ്ലിക്കേഷനും പൊലീസ് തയാറാക്കിയിട്ടുണ്ട്. ഓരോ ഗ്രാമത്തിലെയും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് സന്നദ്ധപ്രവര്‍ത്തകര്‍ ഉടനടി ആപ്പിലൂടെ പൊലീസിനു വിവരം നല്‍കും.

അതേസമയം ജില്ലയില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കാനോ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കാനോ ഉദ്ദേശിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണു സുരക്ഷയുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഭീകരാക്രമണം, വര്‍ഗീയ കലാപം ഉള്‍പ്പെടെ ഏതു നീക്കവും ചെറുക്കാന്‍ പഴുതടച്ചുള്ള ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്നും യുപി പൊലീസ് വ്യക്തമാക്കി. നാലില്‍ അധികം ആളുകള്‍ കൂട്ടം ചേരുന്നത് ഡിസംബര്‍ അവസാനം വരെ വിലക്കിയിട്ടുണ്ട്.

Top