അയോധ്യ വിധി സംയമനത്തോടെ അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അയോധ്യ തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായ അന്തിമ തീര്‍പ്പ് അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഈ തര്‍ക്കത്തിന്റെ പേരില്‍ ജനങ്ങളുടെ സമാധാനം തകരുന്ന ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടാവരുത്. തര്‍ക്കത്തിന് നിയമപരമായ തീര്‍പ്പാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായത്. അതിനെ സംയമനത്തോടെ ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു.

ബാബരി മസ്ജിദ് തകര്‍ത്ത ഘട്ടത്തില്‍ കേരളം വിവേകത്തോടെയും സമാധാനപരവുമായാണ് പ്രതികരിച്ചത്. അതിനാല്‍ തന്നെ ആ ഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. അതേരീതിയില്‍ കൂടുതല്‍ പ്രതിബദ്ധതയോടെ നാം തുടരേണ്ടതുണ്ടെന്നും മുഖമന്ത്രി കൂട്ടിച്ചേര്‍ത്തു.

സമാധാനവും ശാന്തിയും മതനിരപേക്ഷതയുടെ സംരക്ഷണവും ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളുടെ കരുത്തുമാവണം നമ്മുടെ ഈ സന്ദര്‍ഭത്തിലെ പരിഗണന. വിധിയുടെ പശ്ചാത്തലത്തില്‍ സമാധാനം സംരക്ഷിക്കാനുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രകോപനപരമായ പ്രതികരണങ്ങള്‍ അനുവദിക്കില്ല. പൊലീസ് സംസ്ഥാനത്താകെ ജാഗ്രത പാലിക്കുന്നുണ്ട്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളും അക്കാര്യത്തില്‍ ജാഗരൂകരാണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top