അയോധ്യാ വിധിക്ക് ശേഷമുള്ള ആദ്യ ബാബറി ദിനം ; ശബരിമലയില്‍ ഇന്ന്‌ കനത്ത സുരക്ഷ

ലക്‌നൗ : അയോധ്യാ കേസിലെ അന്തിമവിധിക്കു ശേഷമുള്ള ആദ്യത്തെ ബാബറി മസ്ജിദ് ദിനമാണിന്ന്. കോടതി ശരിവെച്ച നിലപാടുകളെ ചൊല്ലി മതേതരവിശ്വാസികളും മുസ്ലിം സംഘടനകകളും ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടത്തും.

വിഭാഗീയ രാഷ്ട്രീയത്തിനെതിരെ ഒന്നിക്കണമെന്നും ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഇന്ന് ഡല്‍ഹിയില്‍ പ്രകടനം നടത്തും. ലോക്രാജ് സംഘടനയുടെ ആഭിമുഖ്യത്തില്‍ ഉച്ചക്ക് 2 മണിക്ക് മണ്‍ഡി ഹൗസില്‍ നിന്നും ജന്തര്‍ മന്ദറിലേക്കാണ് മാര്‍ച്ച് നടക്കുക.

വിധി വന്നതിന് ശേഷമുള്ള ആദ്യ തീര്‍ഥാടനകാലമെന്ന നിലയില്‍ ഇന്ന് ശബരിമലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. സന്നിധാനത്തെ വിവിധ മേഖലകളായി തിരിച്ചായിരിക്കും സുരക്ഷ ഒരുക്കുക. ഓരോ മേഖലയുടെയും ചുമതല ഓരോ ഡിവൈ.എസ്.പി.മാര്‍ക്കാണ്. അതീവ സുരക്ഷാ മേഖലകളില്‍ കൂടുതല്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ബോംബ് കണ്ടെത്താനും നിര്‍വീര്യമാക്കാനും പ്രത്യേകം പരിശീലനം ലഭിച്ച ടീം എല്ലായിടത്തും ജാഗ്രത പുലര്‍ത്തും. ബാഗുകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സ്‌കാനറുകള്‍ എത്തിയിട്ടുണ്ട്. സംസ്ഥാന പോലീസിന്റെ 25 കമാന്‍ഡോകളെ സന്നിധാനത്ത് വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാന പോലീസ്, രഹസ്യാന്യേഷണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംഖ്യ വര്‍ധിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് -രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. ഇന്നലെ പൊലീസ്, വനപാലകര്‍, കേന്ദ്രദ്രുതകര്‍മ സേന, ദുരന്ത നിവാരണ സേന എന്നിവരുടെ നേതൃത്വത്തില്‍ സന്നിധാനത്തും സന്നിധാനത്തോട് ചേര്‍ന്നുള്ള വനപ്രദേശങ്ങളിലും പരിശോധനയും നടത്തിയിരുന്നു.

കര്‍ണാടക, തമിഴ്നാട് ,തെലുങ്കാന, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസും രഹസ്യാന്വേഷണ വിഭാഗവും സന്നിധാനത്തുണ്ട്. കൂടാതെ നിഴല്‍പോലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നു. വലിയ കെട്ടിടങ്ങള്‍, ജലസംഭരണികള്‍, ഡീസല്‍ ടാങ്കുകള്‍, ഗ്യാസ് ഗോഡൗണുകള്‍, ശുദ്ധജലവിതരണ ഉറവിടമായ കുന്നാര്‍ അണക്കെട്ട് മേഖല, ഇലക്ര്ടിസിറ്റി ഓഫിസ്, ബി.എസ്.എന്‍.എല്‍. ഓഫീസ്, ജനറേറ്റര്‍ റൂം, അരവണ പ്ലാന്റ് എന്നിവിടങ്ങളില്‍ പ്രത്യേക നിരീക്ഷണവും സുരക്ഷയും ഒരുക്കും. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ജോലി നോക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടറിലും ചുമടുമായി കൊണ്ടുവരുന്ന സാധനങ്ങള്‍ ബോംബ് സ്‌ക്വാഡ് കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് വരുന്ന തീര്‍ഥാടകരെ മെറ്റല്‍ ഡിറ്റക്ടറിലൂടെ മാത്രമേ കടത്തിവിടുകയുള്ളൂ. ഇവര്‍ കൊണ്ടുവരുന്ന ബാഗുകള്‍ സ്‌കാനറിലൂടെ കടത്തിവിട്ട് പരിശോധിക്കും. മാളികപ്പുറം ഫ്ളൈ ഓവറിലൂടെയും ഭസ്മകുളത്തിലേക്കുള്ള പടിക്കെട്ട് വഴിയും തീര്‍ഥാടകരെ സോപാനത്തേക്ക് കടത്തിവിടില്ല. നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പമ്പാ കണ്‍ട്രോള്‍ റൂമില്‍ വച്ച് പോലീസ് സദാ നിരീക്ഷിക്കും.

ബൈനോക്കുലര്‍ സംവിധാനം ഉപയോഗിച്ച് പോലീസ് നിരീക്ഷണം നടത്തും. വാച്ച് ടവറുകളില്‍ കേന്ദ്ര ദ്രുതകര്‍മ സേനാംഗങ്ങള്‍ നിരീക്ഷണത്തിലും നിതാന്ത ജാഗ്രതയിലുമായിരിക്കും. വി.ഐ.പി. ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. ശ്രീകോവിലിനടുത്തെത്തി ദര്‍ശനം നടത്താന്‍ അനുവാദമില്ല.

Top