ഭൂമിപൂജ; വേദിയില്‍ പ്രധാനമന്ത്രിയുള്‍പ്പെടെ അഞ്ച് പേര്‍ അണിനിരക്കും

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ അഞ്ച് പേര്‍ വേദിയില്‍ അണിനിരക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മഹന്ദ് നൃത്യ ഗോപാല്‍ ദാസ് എന്നിവരാണ് വേദിയില്‍ ഇരിക്കുക.

രാമക്ഷേത്രത്തിനായി ശക്തമായി വാദിച്ചിരുന്ന എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഇവര്‍ ചടങ്ങില്‍ സാന്നിധ്യമറിയിക്കും. ഇക്ബാല്‍ അന്‍സാരിക്കും ചടങ്ങില്‍ ക്ഷണമുണ്ട്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അദ്ദേഹവും ചടങ്ങില്‍ പങ്കെടുക്കില്ല.

അതേസമയം, രമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. അയോധ്യയില്‍ ഓഗസ്റ്റ് 5 ന് ശിലാസ്ഥാപനം നടത്താനുള്ള ക്ഷണം പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കും.

അയോധ്യയിലെ ഹനുമാന്‍ ഗാര്‍ഹി, രാം ലല്ല ക്ഷേത്രം എന്നീ പ്രദേശങ്ങള്‍ മോദി സന്ദര്‍ശിക്കും. പള്ളിക്കായി സ്ഥലം അനുവദിച്ച ഇടവും മോദി സന്ദര്‍ശിക്കുമെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്കായി ക്ഷണിച്ച കാര്യം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് അറിയിച്ചത്. ഉച്ചയോടെയാണ് ഭൂമി പൂജ നടക്കുന്നത്. അതിന് മുമ്പ് പ്രധാനമന്ത്രി ഹനുമാന്‍ ഗാര്‍ഹി സന്ദര്‍ശിക്കും. 12.15നാണ് ഭൂമി പൂജ നടക്കുക.

40 കിലോ ഭാരമുള്ള വെള്ളികല്ലാണ് തടകല്ലിടല്‍ ചടങ്ങിന് ഉപയോഗിക്കുന്നതെന്ന് ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നൃത്യ ഗോപാല്‍ ദാസ് അറിയിച്ചിരുന്നു. തറക്കല്ലിടല്‍ ചടങ്ങിന് മൂന്ന് ദിവസം മുമ്പ് തന്നെ പൂജകള്‍ ആരംഭിക്കും.

Top