കൊച്ചി: ഇന്ന് അയോധ്യ വിധി വരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം കേരളത്തിലും അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം തന്നെ സംസ്ഥാനത്തെ ക്രമസമാധാനനിലയും മതേതരഐക്യവും കാത്തുസൂക്ഷിക്കണമെന്ന ആഹ്വാനവുമായി രാഷ്ട്രീയ-ആത്മീയ നേതാക്കള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
അയോധ്യ വിധി അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും എല്ലാവരും അതിനെ സമാധാനപരമായി കാണണം എന്നായിരുന്നു നേതാക്കള്‍ പ്രതികരിച്ചത്. മാത്രമല്ല വിധിയെ സമാധാനപൂര്‍വം സ്വാഗതം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. അതേസമയം സുപ്രധാന ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്ലിം സംഘടനാ നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊഫ.കെ ആലിക്കുട്ടി മുസലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ടി.പി അബ്ദുള്ളക്കോയ മദനി, എം.ഐ അബ്ദുല്‍അസീസ്, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഡോ.ഇ.കെ അഹമ്മദ്കുട്ടി, എ നജീബ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, അബുല്‍ഹൈര്‍ മൗലവി, ഡോ.പി.എ ഫസല്‍ഗഫൂര്‍, സി.പി കുഞ്ഞിമുഹമ്മദ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
അയോധ്യക്കേസിലെ വിധി എന്തായാലും കേരളത്തിലെ ജനങ്ങള്‍ അതിനെ ആത്മസംയമനത്തോടെ സ്വീകരിക്കണമെന്ന് പാണക്കാട് മുന്‍വറലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. നേരത്തെ അയോധ്യ കലാപമുണ്ടായ സമയത്തും കേരളത്തില്‍ ആത്മസംയമനം പാലിക്കാനാണ് തന്റെ പിതാവ് സയ്യീദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തത്. അന്നത് കേരളം ആ ആഹ്വാനം ഏറ്റെടുത്തു. നാളെ നാളേക്ക് വേണ്ടി ഇനിയും ആ ആത്മസംയമനം തുടരണമെന്നും നാളെ നാളേക്കും നല്ല ഇന്ത്യക്കും വേണ്ടി എല്ലാവരും സഹകരിക്കണമെന്നും മുനവ്വറലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.