‘ക്ഷേത്ര നിര്‍മാണം’; ലോകത്താകമാനമുള്ള ഭക്തരില്‍നിന്ന് പണം സ്വരൂപിക്കും, വി.എച്ച്.പി

ന്യൂഡല്‍ഹി: നവംബര്‍ 9ന് വന്ന അയോധ്യ ചരിത്ര വിധി ആഘോഷമാക്കിയിരിക്കുകയാണ് വി.എച്ച്.പി. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങുകയാണ്. അതേസമയം ക്ഷേത്രം നിര്‍മ്മിക്കാന്‍ വേണ്ട ഫണ്ട് പിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് വി.എച്ച്.പി.

ഇന്ത്യയില്‍ നിന്ന് മാത്രമല്ല ലോകത്താകമാനമുള്ള ഭക്തരില്‍നിന്ന് പണം സ്വരൂപിക്കാനാണ് വി.എച്ച്.പിയുടെ തീരുമാനം. ‘ഹിന്ദുക്കളുടെ വിശ്വാസവും വൈകാരികവുമായി ബന്ധപ്പെട്ടതായിരുന്നു കര്‍സേവയടക്കമുള്ള അയോധ്യ സമരങ്ങള്‍. എന്തൊക്കെയായാലും കാര്യങ്ങള്‍ ശുഭമായി. ഇനി ക്ഷേത്ര നിര്‍മാണത്തിനായി ഓരോ ഭക്തനെയും സമീപിക്കാനാണ് തീരുമാനം’-വി.എച്ച്.പി വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു. ഇത് സംബന്ധിച്ച ഔദ്യോഗിക പദ്ധതി ഉടന്‍ പുറത്തിറക്കും. മൂന്ന് മാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപവത്കരിക്കണം. രാമക്ഷേത്ര നിര്‍മാണത്തിന് രാജ്യത്തെ മുഴുവന്‍ ഭക്തരും പങ്കാളികളാകണം. 718 ജില്ലകളില്‍ നിന്നും പ്രതിനിധികളായി ഭക്തരെ കര്‍സേവ മാതൃകയില്‍ ക്ഷേത്ര നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തണമെന്നും വി.എച്ച്.പി വക്താവ് പറഞ്ഞു.

സോമനാഥ് ക്ഷേത്ര പുനരുദ്ധാരണത്തിനായി ഗാന്ധി നിര്‍ദേശിച്ച മാതൃക അയോധ്യയില്‍ വി.എച്ച്.പി പിന്തുടരും. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് രാമക്ഷേത്രം നിര്‍മിക്കാന്‍ ആഗ്രഹമില്ല. മകരസംക്രാന്തി ദിനത്തില്‍ നിര്‍മാണത്തിന് തുടക്കമിടാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര നിര്‍മ്മാണത്തിനായി പ്രശസ്ത ശില്‍പികളെ കൊണ്ടുവരാനും പദ്ധതി ഉള്ളതായി വി.എച്ച്.പി അറിയിച്ചു.

Top