ന്യൂഡല്‍ഹി: സുപ്രീം കോടതി അയോധ്യ വിധി പുറപ്പെടുവിച്ചപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് ക്ഷേത്ര നിര്‍മ്മാണത്തിനെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നു. തങ്ങള്‍ രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിക്കുന്നു എന്നാണ് കോണ്‍ഗ്രസ് ദേശീയവക്താവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കിയിരുന്നത്. അതേസമയം ഇപ്പോള്‍ അയോധ്യയില്‍ ‘മഹാ ക്ഷേത്രം’ നിര്‍മിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് പ്രഖ്യാപിച്ച് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിരിക്കുകയാണ്.
കോടതി വിധി എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ടെന്നും ആ തീരുമാനം സന്തോഷത്തോടെ സ്വീകരിക്കണമെന്നും പൈലറ്റ് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ രാഷ്ട്രീയം കളിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി അയോധ്യയെ രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കുന്നവര്‍ അത് ആര്‍ക്കും ഗുണം ചെയ്യുന്നില്ലെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലെ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് രാജ്യത്തിന്റെ മാറുന്ന അന്തരീക്ഷത്തിന് തെളിവാണെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.