ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ഏറ്റവും സുപ്രധാന വിധികളില്‍ ഒന്നായിരുന്നു അയോധ്യ വിധി. അയോധ്യ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു കൊടുക്കുന്നതായിരുന്നു വിധി. വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന സൂചന.
അടുത്ത മകര സംക്രാന്തി ദിനത്തിലായിരിക്കും നിര്‍മാണം ആരംഭിക്കുക എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ഷേത്ര നിര്‍മ്മാണത്തിന് സര്‍ക്കാര്‍ പ്രത്യേക ട്രസ്റ്റ് രൂപീകരിക്കും. 2022 ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് ഭൂരിഭാഗം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആലോചന. ആര്‍കിടെക്ട് ചന്ദ്രകാന്ത് സോംപുരയാണ് ക്ഷേത്രം രൂപകല്‍പന ചെയ്യുന്നത്. വി.എച്ച്.പി മുമ്പ് രൂപകല്‍പന ചെയ്ത പ്രകാരമായിരിക്കും ക്ഷേത്രം നിര്‍മിക്കുക.
ക്ഷേത്ര നിര്‍മാണത്തിനായി തൂണുകളും ശില്‍പങ്ങളും തയ്യാറാക്കാനായി ഗുജറാത്തില്‍ നിന്ന് ശില്‍പികള്‍ വര്‍ഷങ്ങളായി അയോധ്യയില്‍ ജോലി ചെയ്തിരുന്നു. സുപ്രീം കോടതി വിധിക്ക് മുമ്പാണ് തൊഴിലാളികളെ തിരിച്ചയച്ചത്. തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി കൂടുതല്‍ തൊഴിലാളികളെ അയോധ്യയിലെത്തിക്കും.