അയോധ്യ വിഷയം: മതസ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ അരുത്, മന്ത്രിമാരോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ നിര്‍ണ്ണായക കോടതി വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം. രാജ്യത്ത് മതസ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുത് എന്നും മതസൗഹാര്‍ദം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നതിന് മുന്നോടിയായി കേസിലെ വിധി വരും.

അതേസമയം അയോധ്യ കേസില്‍ വിധി വരുമ്പോള്‍ അതിനെ വിജയ പരാജയത്തിന്റെ വീക്ഷണ കോണിലൂടെ നോക്കി കാണരുത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തില്‍ വെച്ചാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം നല്‍കിയത്.

2010 ല്‍ അലഹബാദ് ഹൈക്കോടതി അയോധ്യ വിഷയത്തില്‍ വിധി പറഞ്ഞപ്പോള്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും വിള്ളലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തടഞ്ഞത് എങ്ങനെയെന്ന് തന്റെ ‘മാന്‍ കി ബാത്ത് ‘റേഡിയോ പ്രോഗ്രാമില്‍, പ്രധാനമന്ത്രി മോദി അനുസ്മരിച്ചിരുന്നു. ഒരു ഏകീകൃത ശബ്ദത്തിന് രാജ്യത്തെ എങ്ങനെ ശക്തിപ്പെടുത്താന്‍ കഴിയുമെന്നതിന്റെ ഉദാഹരണമായിരുന്നു അതെന്നും മോദി അനുസ്മരിച്ചിരുന്നു. നേരത്തെ ബി.ജെ.പിയും വിധിയുടെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

കോടതി വിധി വരുന്ന സമയത്ത് അവരവരുടെ മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച് നില്‍ക്കണമെന്നും ജനപ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിവിധ മുസ്ലിം സാമുദായിക നേതാക്കളും സമാനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top