ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയത്തിനു കീഴിലേക്ക് യോഗ പരിശീലിപ്പിക്കാന്‍ മുസ്ലിംകളെ പരിഗണിക്കണ്ട എന്നതാണ് മോഡി സര്‍ക്കാരിന്റെ നയമെന്ന് മന്ത്രാലയത്തിന്റെ വിവരാവകാശ രേഖ. ദ മില്ലി ഗസറ്റ് എന്ന സ്ഥാപനത്തിലെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറായ പുഷ്പ ശര്‍മ്മ നല്‍കിയ വിവരാവകാശത്തിനു ലഭിച്ച മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആചരിച്ച അന്താരാഷ്ട്ര യോഗാദിനാചരണത്തോട് അനുബന്ധിച്ച് യോഗ പരിശീലിപ്പിക്കാന്‍ മുസ്ലിംകളായ യോഗ പരിശീലകരെ തെരഞ്ഞെടുത്തിട്ടുണ്ടോ എന്നും, ഉണ്ടെങ്കില്‍ തന്നെ എത്രപേരെ തെരഞ്ഞെടുത്തെന്നും, എത്ര മുസ്ലിംകള്‍ ഇതിനായി അപേക്ഷിച്ചെന്നുമുളള വിവരങ്ങളാണ് പുഷ്പ ശര്‍മ്മ വിവരാവകാശത്തിലൂടെ ആയുഷ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.
എന്നാല്‍ ആയുഷ് പദ്ധതിയിലേക്ക് മുസ്ലിംകളെ പരിഗണിക്കണ്ട എന്നതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നയമെന്ന് വിവരാവകാശത്തിന് ലഭിച്ച മറുപടി വ്യക്തമാക്കുന്നു.3841 മുസ്ലിം യോഗ പരിശീലകരാണ് ഇതിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നതെന്നും, അതില്‍ തന്നെ 711 പേര്‍ വിദേശത്ത് യോഗ പരിശീലിപ്പിക്കാനായി പോകുവാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നതായി വിവരാവകാശ മറുപടി വ്യക്തമാക്കുന്നുണ്ട്. ഈ അപേക്ഷകരില്‍ നിന്ന് ആരെയും യോഗ പരിശീലിപ്പിക്കാനായി തെരഞ്ഞെടുത്തിരുന്നില്ലെന്നും വിവരാവകാശത്തില്‍ പറയുന്നുണ്ട്.
സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് മുസ്ലിംകളെ യോഗ പരിശീലിപ്പിക്കാന്‍ തെരഞ്ഞെടുക്കേണ്ട എന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ശക്തമായ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഈ തീരുമാനം ഉടന്‍ തന്നെ മോഡി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും, മുസ്ലിം സമുദായത്തോട് മാപ്പുപറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അതെസമയം വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന വാര്‍ത്ത തെറ്റാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീ പഠ്‌നായിക് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
വിവരാവകാശപ്രകാരം ആയുഷ് മന്ത്രാലയത്തില്‍ നിന്നും ലഭിച്ച മറുപടിയുടെ രേഖ